കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ; നിഷ്ക്രിയത്വത്തിന്റെ പേരിൽ പൊലീസ് ക്യാമ്പിന് തീയിട്ട് ഗ്രാമീണർ
text_fieldsകൊൽക്കത്ത: കൊൽക്കത്തക്കടുത്ത് ജോയ്‌നഗർ പോലീസ് സ്റ്റേഷനു കീഴിലെ മഹിഷ്മാരിയിൽ കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. സംഭവം അറിയിച്ചിട്ടും ഒരു നടപടിയും കൈകൊള്ളാത്തതിന്റെ പേരിൽ പ്രകോപിതരായ ഗ്രാമീണർ പൊലീസ് ക്യാമ്പിന് തീയിടുകയും പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.
ട്യൂഷനിൻ ക്ലാസിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ വെള്ളിയാഴ്ച ഉച്ചക്കാണ് കാണാതായത്. വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. എന്നാൽ, സ്റ്റേഷനിൽചെന്ന് അറിയിക്കാൻ പറഞ്ഞ് ആക്ഷേപിച്ചതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഗ്രാമവാസികൾ തിരച്ചിൽ നടത്തുകയും രാത്രി വൈകി കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
ജോയ്നഗർ സ്റ്റേഷനിൽ വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പിന്നീട്, സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി. ആദ്യം മഹിഷ്മാരിയിലെ ക്യാമ്പിലും പിന്നീട് ജോയ്‌നഗർ സ്‌റ്റേഷനിലും പ്രതിഷേധിച്ച ഗ്രാമവാസികളെ ശാന്തരാക്കാൻ ഈ അറസ്റ്റ് പര്യാപ്തമായില്ല. വടികളും ചൂലുമായി ഗ്രാമവാസികൾ ക്യാമ്പ് ആക്രമിക്കുകയും രേഖകൾ നശിപ്പിക്കുകയും ക്യാമ്പിന് തീയിടുകയും ചെയ്തു. ശേഷം ജനക്കൂട്ടം സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. അവിടെ ഗ്രാമവാസികളും പൊലീസുകാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ എറിയുകയും ചെയ്തു.
പ്രദേശത്ത് സമാധാനം തിരിച്ചെത്തിയെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനൊപ്പം ക്യാമ്പിലെ തീവെപ്പിലും കലാപത്തിലും ഉൾപ്പെട്ടവരെ തിരയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ലൈംഗികാതിക്രമത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ അന്വേഷിക്കും. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുപിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല -അഡീഷണൽ പൊലീസ് സൂപ്രണ്ട് രൂപന്തർ ഗോസ്വാമി പറഞ്ഞു.
ആഗസ്റ്റ് 9ന് 31 കാരിയായ ജൂനിയർ ഡോക്ടറെ ആർ.ജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് കൊൽക്കത്തയിൽ പ്രതിഷേധങ്ങളുടെയും ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കലിന്റെയും അലയൊലികൾക്കിടയിലാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.