ഗൽവാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്ന് ചൈന; മൂന്നിരട്ടി മരണം നടന്നിട്ടുണ്ടാകുമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യാ- ചൈന അതിർത്തിയിലെ ഗൽവാനിൽ ജൂൺ 15നുണ്ടായ സംഘർഷത്തിൽ അഞ്ച് സൈനികർ മരിച്ചതായി ചൈന. മോൾഡോയിൽ ഇരുരാരാജ്യങ്ങളും തമ്മിൽ ഈയാഴ്ച ആദ്യം നടന്ന സൈനിക- നയതന്ത്രതല ചർച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഗൽവാൻ സംഘർഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ചൈന കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ എണ്ണത്തേപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിലുള്ള ഗാൽവനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ചൈനീസ് കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ട വിവരം നേരത്തെ ചൈന സമ്മതിച്ചിരുന്നു.
അതേസമയം ചൈന പറഞ്ഞതിനേക്കാൾ ഇരട്ടിയിലധികം ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യൻ സേനാ വൃത്തങ്ങൾ നൽകുന്ന വിവരം. ചൈന അഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാൽ യഥാർഥ കണക്ക് മൂന്നിരട്ടി ആയിരിക്കാമെന്നാണ് സൗത്ത് േബ്ലാക്കിൽ നിന്നുള്ള സേനാവൃത്തങ്ങൾ പറയുന്നത്.
2017 ദോക്ലാം സംഘർഷത്തിന് ശേഷം ഉണ്ടായ ധാരണകൾ ചൈന പലതവണ ലംഘിച്ചിരുന്നു. ഇത് ഇന്ത്യ സമയാസമയം ചൈനീസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും അത് പരിഹരിക്കാൻ അവർ തയാറായിരുന്നില്ല.
കോവിഡിെൻറ പശ്ചാത്തലത്തിൽ യഥാർഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം ചൈന വർധിപ്പിച്ചിരുന്നു. സാധാരണ നിലയിൽ 15-20 സൈനികരുള്ള ഭാഗത്ത് 50-100 പേരെ വരെ വിന്യസിക്കുകയാണുണ്ടായത്. കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം നടത്തുന്ന മുന്നേറ്റം ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്.
അതിർത്തി പ്രശ്നത്തിൽ ഏഴാമത് കോർപ്സ് കമാൻഡർ തല ചർച്ചകൾ അടുത്ത ആഴ്ച നടക്കും. ചർച്ചയിൽ ഒരു നയതന്ത്ര പ്രതിനിധിയും ഉണ്ടാകും. ആറാമത് കോർപ്സ് കമാൻഡർ യോഗം പതിനാലു മണിക്കൂർ നീണ്ടുനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.