ചൈന അതിർത്തി സംഘർഷം: പാർലമെന്റിൽ ചർച്ചക്കില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ ചർച്ച അനുവദിക്കാതെ വിവരങ്ങൾ സർക്കാർ മറച്ചു പിടിക്കുന്നതിൽ പ്രതിഷേധിച്ച് വീണ്ടും പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. ലോക്സഭയിൽ ചോദ്യോത്തരവേള അവസാനിച്ചതിനു പിറകെ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി എഴുന്നേറ്റു. 1962ൽ ഇന്ത്യ-ചൈന യുദ്ധം നടന്നപ്പോൾ പോലും അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ലോക്സഭയിൽ ചർച്ചക്ക് തയാറായെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 165 എം.പിമാർക്കാണ് അന്ന് സംസാരിക്കാൻ അവസരം ലഭിച്ചത്. എന്താണ് ചെയ്യേണ്ടതെന്ന് അതിനുശേഷമാണ് സർക്കാർ തീരുമാനിച്ചത്. വിവിധ പാർട്ടി പ്രതിനിധികൾ ഉൾപ്പെട്ട കാര്യോപദേശക സമിതിയിൽ ചർച്ചക്കാര്യം തീരുമാനിക്കാമെന്നായി സ്പീക്കർ ഓം ബിർല. ചർച്ച അനുവദിക്കാതെ അദ്ദേഹം അടുത്ത കാര്യപരിപാടിയിലേക്ക് കടന്നതോടെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. സർക്കാറിന്റെ മനോഭാവം അംഗീകരിക്കാനാവില്ലെന്ന് തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ബുധനാഴ്ച സഭ സമ്മേളിച്ചതും ബഹളത്തോടെയാണ്. സ്റ്റാൻ സ്വാമിക്ക് നീതി നൽകണമെന്ന പ്ലക്കാർഡുമായാണ് ആന്റോ ആന്റണി സഭയിലെത്തിയത്. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് അംഗങ്ങൾക്ക് പൂർണ വിവരം സർക്കാർ നൽകണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. നോട്ടീസ് നൽകാത്ത വിഷയത്തിൽ ചർച്ച പറ്റില്ലെന്ന് ഉപാധ്യക്ഷൻ ഹരിവൻഷ് അറിയിച്ചു. ഖാർഗെയുടെ മൈക്ക് ഓഫ് ചെയ്തു. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ജെ.എം.എം, ശിവസേന തുടങ്ങിയവ ഇറങ്ങിപ്പോക്കിൽ പങ്കെടുത്തു.
സഭാതല ഏകോപനത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ പങ്കെടുത്തിരുന്നു. ചർച്ചക്ക് സർക്കാർ തയാറാവുന്നില്ലെങ്കിൽ പാർലമെന്റിൽ ഇറങ്ങിപ്പോക്ക് തുടരണമെന്ന് ഈ യോഗത്തിൽ തീരുമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.