അതിർത്തിക്കടുത്ത് കോൺക്രീറ്റിൽ സ്ഥിരം ക്യാമ്പുകൾ സ്ഥാപിച്ച് ചൈനീസ് പട്ടാളം
text_fieldsന്യൂഡൽഹി: ഇന്ത്യയും ചൈനയുമായുള്ള സംഘർഷം അതിർത്തിയിൽ പുകയവേ, നിയന്ത്രണ രേഖക്ക് സമീപത്തായി ചൈന കോൺക്രീറ്റ് നിർമിതികളടങ്ങിയ സ്ഥിരം ക്യാമ്പുകൾ സ്ഥാപിക്കുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലേക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സൈനികരെ വിന്യസിക്കാനാകുംവിധം സൗകര്യത്തിലാണ് ചൈന സൈനിക ക്യാമ്പുകൾ നിർമ്മിച്ചിരിക്കുന്നത്.
വടക്കൻ സിക്കിമിലെ നകു ലായിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ ഇത്തരമൊരു ക്യാമ്പ് കണ്ടെത്തിയതായി ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയും ഇന്ത്യ ടുഡേയും റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ ലഡാക്കിനും അരുണാചൽപ്രദേശിനും അഭിമുഖമായുള്ള ചൈനയുടെ അതിർത്തിപ്രദേശങ്ങളിലും സമാന രീതിയിലുള്ള നിർമ്മാണങ്ങൾ ഇന്ത്യൻ സേനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സൈനീക നീക്കം സുഗമമാക്കുംവിധം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈന അതിർത്തിയിൽ റോഡുനിർമ്മാണം നടത്തിയിരുന്നു. ഇപ്പോൾ ഇതേ സ്ഥലത്ത് കോൺക്രീറ്റ് നിർമ്മിത ക്യാമ്പുകൾ കൂടി സ്ഥാപിക്കുന്നത് ഏറെ ജാഗ്രതയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടിയ സ്ഥലത്തിന് സമീപത്തായാണ് ഇപ്പോൾ സ്ഥിരം ക്യാമ്പുകൾ സ്ഥാപിക്കുന്നത്. ചൈനീസ് പ്രദേശത്ത് ഈ ഭാഗത്തുള്ള റോഡുകളും മറ്റു സൗകര്യങ്ങളും വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ അതിർത്തിയിലേക്ക് ഇന്ത്യൻ സൈന്യം എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ചൈനീസ് സൈന്യത്തിന് എത്താൻ സാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കിഴക്കൻ ലഡാക്കിനേയും അരുണാചൽ സെക്ടറിനേയും നിരീക്ഷിക്കാൻ കഴിയുംവിധത്തിലാണ് ചൈന ക്യാമ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. തണുപ്പ് കാലത്ത് ചൈനീസ് സൈനികർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് കോൺക്രീറ്റ് നിർമ്മിത ക്യാമ്പുകൾ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.