ഗൽവാൻ ഏറ്റുമുട്ടൽ; 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്
text_fieldsന്യൂഡൽഹി: ലഡാക്കിലെ ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്. ഏറ്റുമുട്ടലിൽ ചൈനയുടെ ഭാഗത്തുണ്ടായ ആൾനാശത്തെ കുറിച്ച് കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായുള്ള ഒരാളുടെ ആദ്യ പ്രതികരണമാണിത്. ഹിന്ദി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി.കെ. സിങ് ചൈനയുടെ ആൾനാശത്തെ കുറിച്ച് പറഞ്ഞത്.
നമുക്ക് 20 സൈനികരെയാണ് നഷ്ടമായതെങ്കിൽ ചൈനക്ക് അതിന്‍റെ ഇരട്ടിയിലേറെ സൈനികരെ നഷ്ടമായിട്ടുണ്ട്. മരണസംഖ്യ ചൈന മറച്ചുവെക്കുകയാണ്. 1962ലെ യുദ്ധത്തിലും അവർ തിരിച്ചടി അംഗീകരിക്കാൻ തയാറായിരുന്നില്ല -വി.കെ. സിങ് പറഞ്ഞു.
ചൈനയുടെ പിടിയിലായ 10 ഇന്ത്യൻ സൈനികരെ പിന്നീട് വിട്ടയച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യയുടെ പിടിയിലായിരുന്നെന്നും ഇവരെയും വിട്ടയച്ചുവെന്നും വി.കെ. സിങ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യ-ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ ഗൽവാൻ താഴ്വരയിൽ രക്തരൂക്ഷിത ഏറ്റുമുട്ടൽ നടന്നത്. 45 വർഷത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിൽ ഇത്ര രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. 76 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇരുഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ടെന്ന് ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി വെസ്റ്റേൺ തിയറ്റർ കമാൻഡ് വക്താവ് കേണൽ സാങ് ഷുയി ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാൽ, വിശദാംശങ്ങൾ നൽകിയിട്ടില്ല.
ഇന്ത്യയുടെ ഭൂപ്രദേശത്ത് ചൈന അതിക്രമിച്ച് കടക്കുകയോ ഇന്ത്യൻ പോസ്റ്റുകൾ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. ഇത് സൈന്യത്തിന്‍റെയും പ്രതിരോധ വകുപ്പിന്‍റെയും അവകാശവാദത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തിയിരുന്നു. തുടർന്ന്, പ്രസ്താവനക്ക് വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫിസിന് രംഗത്തെത്തേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.