ഇന്ത്യയുടെ 4,000 ചതുരശ്ര കിലോമീറ്റർ ചൈനയുടെ കൈവശം -രാഹുൽ ഗാന്ധി
text_fieldsവാഷിങ്ടൺ: ചൈനയുമായുള്ള സംഘർഷം കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാറിനെ കുറ്റപ്പെടുത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ 4,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ കൈവശമാണെന്നും ഇതൊരു വലിയ ദുരന്തമാണെന്നും യു.എസ് സന്ദർശനത്തിനിടെ നാഷനൽ പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, യു.എസുമായി പുലർത്തുന്ന നയതന്ത്രത്തിലും ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചർച്ചയില്ലെന്ന നിലപാടിലും കോൺഗ്രസിന് കേന്ദ്ര സർക്കാറിനോട് യോജിപ്പാണെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യ-യു.എസ് ബന്ധത്തിൽ മോദി സർക്കാറിൽനിന്ന് നയവ്യതിചലനം ഉണ്ടായിട്ടില്ല. ലഡാക്കിൽ ഡൽഹിയുടെ വലിപ്പമുള്ള ഭൂമി ചൈനീസ് സേന കൈവശപ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് എഴുതാൻ മാധ്യമങ്ങൾ ഇഷ്ടപ്പെടുന്നില്ല. കശ്മീർ പ്രശ്നം ഇന്ത്യയെയും പാകിസ്താനെയും ചർച്ചകളിൽനിന്ന് അകറ്റിനിർത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ, ഏതുതരത്തിലുള്ള ആക്രമണത്തിനും താൻ എതിരാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഇസ്രായേൽ തുടരുന്ന വംശഹത്യ തുടരാൻ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു.
ബംഗ്ലദേശിനെക്കുറിച്ചുള്ള ചോദ്യത്തിന്, ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങളെക്കുറിച്ച് ഇന്ത്യയിൽ ആശങ്കകളുണ്ടെന്നും സുസ്ഥിരമായ ഒരു സർക്കാർ അധികാരത്തിലെത്തുന്നതോടെ നമുക്ക് അവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നും രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.