പരിഹാരം ലളിതമല്ലെന്ന് ഇന്ത്യക്ക് ചൈനയുടെ മറുപടി
text_fieldsബെയ്ജിങ്: ഇന്ത്യയുമായുള്ള അതിർത്തിപ്രശ്നം മുൻകാലത്തേതിൽനിന്ന് വ്യത്യസ്തമാണെന്നും അതിനാൽ പരിഹാരം ലളിതമല്ലെന്നും ചൈന. ഡോക് ലാം (ഡോങ് ലാം) മേഖലയിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാതെ പ്രശ്നപരിഹാരം ഉണ്ടാവില്ലെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നേരത്തേയും അതിർത്തി തർക്കം ഉണ്ടായിട്ടുണ്ടെന്നും നിലവിലെ പ്രശ്നവും പരിഹരിക്കുക എളുപ്പമാണെന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ചൈനീസ് വിദേശകാര്യ സെക്രട്ടറി ജെങ് ഷുവാങ്ങിെൻറ പ്രസ്താവന.
കിഴക്കൻ, മധ്യ, പശ്ചിമ മേഖലയിലെ വ്യക്തമായി വേർതിരിക്കാത്ത അതിർത്തികളിൽനിന്ന് ഡോക് ലാം വ്യത്യസ്തമാണ്. ഇന്ത്യൻ സൈന്യം ‘അതിക്രമിച്ചുകയറിയ’ പ്രദേശത്തുനിന്ന് പിൻവാങ്ങണമെന്ന് ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു. സൈനിക പിന്മാറ്റത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടൂ -ചൈനീസ് വക്താവ് പറഞ്ഞു.
ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി സംഗമ കേന്ദ്രമായ ഡോക് ലാമിനെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രശ്നം. തന്ത്രപ്രധാനമായ ഇൗ മേഖലയുടെ നിയന്ത്രണം കൈക്കലാക്കാനാണ് ചൈനയുടെ ശ്രമം. എന്നാൽ, ഇതിെന എതിർത്ത ഇന്ത്യ സൈനികസന്നാഹം വർധിപ്പിക്കുകയും ആവശ്യമെങ്കിൽ സൈനികർക്ക് ദീർഘകാലം അവിടെ തങ്ങാൻ സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ചൈനയും നിലപട് കടുപ്പിച്ചു. സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം പലതവണ ചൈന ഉയർത്തിയെങ്കിലും ഇന്ത്യ വഴങ്ങിയില്ല. മേഖലയുടെ നിയന്ത്രണം ചൈനക്ക് ലഭിക്കുന്നത് ഇന്ത്യൻ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതിന് പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.