അതിർത്തി 'പൊതുവെ ശാന്ത'മെന്ന് ചൈന
text_fieldsബെയ്ജിങ്: അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിനുശേഷം സ്ഥിതിഗതികൾ 'പൊതുവെ ശാന്ത'മാണെന്ന് ചൈന. അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ ഡിസംബർ ഒമ്പതിനുണ്ടായ സംഘർഷത്തിൽ രണ്ടു ഭാഗത്തുനിന്നുമുള്ളവർക്ക് ചെറിയ പരിക്കേറ്റുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
അതിർത്തി സംബന്ധമായ തർക്കത്തിൽ സുഗമമായ ആശയവിനിമയം നിലനിർത്താൻ നയതന്ത്ര-സൈനിക തലത്തിൽ നടപടി സ്വീകരിച്ചതായും വക്താവ് ചൊവ്വാഴ്ച ബെയ്ജിങ്ങിൽ പറഞ്ഞു. എന്നാൽ, തവാങ് സെക്ടറിലെ യാങ്റ്റിസി മേഖലയിൽ അരങ്ങേറിയ സംഘർഷത്തെ സംബന്ധിച്ച് വിശദാംശങ്ങൾ പറയാൻ വക്താവ് വിസമ്മതിച്ചു. ഇതേ കുറിച്ച ചോദ്യത്തിന്, 'ലഭ്യമായ വിവരമനുസരിച്ച് ഇന്ത്യയും ചൈനയും തമ്മിലെ അതിർത്തി സാഹചര്യം പൊതുവെ ശാന്ത'മാണെന്നായിരുന്നു വെൻബിന്റെ മറുപടി. വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യങ്ങൾക്കുള്ള മറുപടിക്ക് ഇതുസംബന്ധിച്ച അധികാരികളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിർത്തി സംഘർഷം സംബന്ധിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.