അതിർത്തിയിൽ ചൈന അക്രമം കാട്ടുന്നു - പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കുന്നതിെൻറ പേരിൽ ഇന്ത്യ, ചൈന അതിർത്തിയിൽ ഉണ്ടാകുന്ന ഏതൊരു ഭവിഷ്യത്തും നേരിടാൻ തയാറാണെന്ന് പ്രതിേരാധ മന്ത്രി രാജ്നാഥ് സിങ്. പരസ്പരം സമ്മതിച്ച വ്യവസ്ഥകൾ പൂർണമായി ലംഘിച്ച് അതിർത്തിയിൽ അക്രമാസക്തമായി പെരുമാറുകയാണ് ചൈനയുടെ സേനയെന്ന് പ്രതിരോധ മന്ത്രി ലോക്സഭയിൽ കുറ്റപ്പെടുത്തി.
മോസ്കോയിൽ ചൈനയുടെ പ്രതിരോധ മന്ത്രിയുമായി മുമ്പ് നടത്തിയ ചർച്ചാഗതി അടക്കം അതിർത്തി വിഷയം പാർലമെൻറിനെ ധരിപ്പിക്കുകയായിരുന്നു രാജ്നാഥ്സിങ്. എന്നാൽ, മന്ത്രിയുടെ പ്രസ്താവനക്ക് ശേഷം ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം കിട്ടിയില്ല. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിെൻറ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി.
പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റിമറിക്കാനുള്ള ചൈനയുടെ ശ്രമം അംഗീകരിക്കാനാവില്ല. ഇക്കാര്യം ചൈനയെ അറിയിച്ചിട്ടുണ്ട്. ഏതൊരു അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജമാണ്.
കൂടിയാലോചനകളിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. നിരവധി ഉഭയകക്ഷി കരാറുകളെ അവമതിക്കുന്നതാണ് ചൈനയുടെ നടപടികൾ. അതിർത്തിയിൽ സേനാ സന്നാഹം വർധിപ്പിക്കുന്നത് 1993ലെയും 1996ലെയും കരാറുകൾക്ക് വിരുദ്ധമാണ്. ഏറ്റവും കുറച്ച് സേനയെ വിന്യസിക്കുന്നതിനാണ് ആ കരാറുകൾ.
കിഴക്കൻ ലഡാക്കിൽ നിരവധി സംഘർഷ മേഖലകളുണ്ട്. അവിടെ ഇന്ത്യ വെല്ലുവിളി നേരിടുന്ന വിവരം പങ്കുവെക്കാൻ സർക്കാറിന് മടിയില്ലെന്ന് രാജ്നാഥ്സിങ് പറഞ്ഞു. വെല്ലുവിളിക്കു മുന്നിൽ അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കാനുള്ള സേനയുടെ കഴിവിൽ പാർലെമൻറിന് പൂർണ വിശ്വാസമുണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി വരുകയാണ്. സായുധസേനയുടെ ആത്മവീര്യവും പ്രചോദനവും ഏറെ ഉയർന്നതാണ്. ദുർഘടമായ പർവതമേഖലകളിൽ ജീവവായുവിനു പോലും വിഷമിക്കുന്ന തണുപ്പിൽ രാജ്യത്തിനു വേണ്ടി നിസ്വാർഥം പ്രവർത്തിക്കുകയാണ് അവർ.
ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം അനധികൃതമായി കൈയടക്കി മുന്നോട്ടു പോവുകയാണ് ചൈന. യഥാർഥ നിയന്ത്രണരേഖ പൊതുവായി സമ്മതിച്ച വേർതിരിവ് രേഖയല്ല. വ്യക്തത ഉണ്ടാക്കാൻ 2003 വരെ ഇരുപക്ഷവും ശ്രമിച്ചിരുന്നു. എന്നാൽ, പിന്നീടിങ്ങോട്ട് ചൈന താൽപര്യം കാണിക്കുന്നില്ല. നിലവിലെ അതിരുകൾ ചൈന അംഗീകരിക്കാത്ത സ്ഥിതിയാണെന്ന് രാജ്നാഥ്സിങ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.