അംബാനിക്ക് വീണ്ടും തിരിച്ചടി; ഏഷ്യൻ കോടീശ്വര സ്ഥാനവും നഷ്ടമായി
text_fieldsഇന്ത്യൻ കോടീശ്വരൻ മുകേഷ് അംബാനിക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം ലോകത്തെ ആദ്യ 10 ശതകോടീശ്വരന്മാരുടെ ലിസ്റ്റിൽ നിന്ന് അംബാനി പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യൻ കോടീശ്വരന്മാരിൽ ഒന്നാമനെന്ന നേട്ടവും ഇപ്പോൾ കൈമോശം വന്നത്. ചൈനയിലെ കുപ്പിവെള്ള വ്യവസായ ഭീമനായ േഴാങ് ഷൻഷാൻ ആണ് അംബാനിയെ പിന്തള്ളി ഒന്നാമതെത്തിയത്. ജേണലിസം, കൂൺ കൃഷി, ആരോഗ്യ പരിരക്ഷ തുടങ്ങിയവയിൽ വ്യാപിച്ചുകിടക്കുന്ന വ്യവസായ സാമ്രാജ്യത്തിന് ഉടമയാണ് േഴാങ് ഷൻഷാൻ.
ചൈനീസ് ഓൺലൈൻ ഭീമനായ ആലിബാബയുടെ ഉടമ ജാക്ക് മായേയും ഷൻഷാൻ പിന്നിലാക്കിയിട്ടുണ്ട്. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം ഷൻഷാന്‍റെ മൊത്തം ആസ്തി ഈ വർഷം 70.9 ബില്യൺ ഡോളറിൽ നിന്ന് ഉയർന്ന് 77.8 ബില്യൺ ഡോളറിലെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വർധിച്ച സമ്പത്തായാണ് ഇത് കണക്കാക്കപ്പെടുന്നത്. ചൈനയ്ക്ക് പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത കോടീശ്വരനാണ് ഷൻഷാൻ. 66 കാരനായ അദ്ദേഹം രാഷ്ട്രീയത്തിലും ഇടപെട്ടിരുന്നില്ല. ചൈനയിൽ ലോൺ വൂൾഫ് അഥവാ ഏകാകിയായ ചെന്നായ എന്നാണ് ഷൻഷാൻ അറിയപ്പെടുന്നത്. രണ്ട് ബിസിനസുകളിലുണ്ടായ വളർച്ചയാണ് ഷൻഷാന്‍റെ പെട്ടെന്നുള്ള സമ്പത്ത് വർധനയ്ക്ക് കാരണം.
വാക്സിൻ നിർമാതാക്കളായ ബീജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്‍റർപ്രൈസസിനെ ഏപ്രിലിലും കുപ്പിവെള്ള നിർമാതാക്കളായ നോങ്ഫു സ്പ്രിംഗ് കമ്പനിയെ മാസങ്ങൾക്ക് ശേഷവും ഷൻഷാൻ ഏറ്റെടുത്തിരുന്നു. ഹോങ്കോങ്ങിലെ ഏറ്റവും ആവശ്യക്കാരുള്ള കുപ്പിവെള്ള കമ്പനിയാണ് നോങ്‌ഫു. നോങ്‌ഫുവിന്‍റെ ഓഹരികൾ 155% വളർച്ചയാണ് കുറഞ്ഞകാലത്തിനിടയ്ക്ക് കൈവരിച്ചത്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വാക്സിൻ കമ്പനിയുടെ ഓഹരി 2,000% വളർന്നിട്ടുണ്ട്.
അംബാനിയുടെ വീഴ്ച
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനം വരെ കൈയ്യടിക്കിയിരുന്ന അംബാനിയുടേത് പെട്ടെന്നുള്ള വീഴ്ച്ചയായിരുന്നു. ബ്ലൂംബർഗിെൻറ സൂചിക പ്രകാരം 76.5 ബില്യണ്‍ ഡോളറാണ് (5.63 ലക്ഷം കോടി രൂപ) അംബാനിയുടെ നിലവിലെ ആസ്തി. മാസങ്ങൾക്ക് മുമ്പ് വരെ അത് 90 ബില്യണ്‍ ഡോളറായിരുന്നു (6.62 ലക്ഷം കോടി രൂപ). ഇതോടെ ലോക കോടീശ്വര പട്ടികയില്‍ 11ാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ് അംബാനി. ഒറാക്കിള്‍ കോര്പ്പറേഷെൻറ സഹ-സ്ഥാപകന്‍ ലാറി എലിസണ്‍, ഗൂഗിളിെൻറ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ എന്നിവര്‍ക്ക് പിന്നിലായാണ് മുകേഷ് അബാനിയുടെ സ്ഥാനം.
അടുത്തകാലത്ത് റിലയന്‍സ് ഓഹരികളില്‍ സംഭവിച്ച വീഴ്ച്ചയാണ് ഇന്ത്യൻ വ്യവസായിക്ക് തിരിച്ചടിയായത്. ഓഹരിയൊന്നിന് 2369.35 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ നിന്നും 16 ശതമാനം നഷ്ടത്തിലേക്കാണ് റിലയന്‍സിെൻറ ഓഹരികള്‍ കൂപ്പുകുത്തിയത്. വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ 1992.95 രൂപയാണ് റിലയന്‍സിെൻറ ഓഹരിയുടെ വില. മൊത്തം 186 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ബെസോസാണ് ലിസ്റ്റിൽ ഒന്നാമത്. 160 ബില്യൺ ഡോളറുമായി ഇലോൺ മസ്‌ക്, 131 ബില്യൺ ഡോളറുള്ള ബിൽ ഗേറ്റ്സ്, 110 ബില്യൺ ഡോളറുള്ള ബെർണാഡ് അർനോൾട്ട്, 101 ബില്യൺ ഡോളർ ആസ്തിയുള്ള മാർക്ക് സുകർബർഗുമാണ് പട്ടികയിൽ രണ്ട് മുതൽ അഞ്ചാം സ്ഥാനം വരെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.