ലഡാക്കിലെ ചൈനയുടെ നിർമാണപ്രവർത്തനം ആപത്കരം -യു.എസ് കമാൻഡർ
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിനു സമീപം ചൈന സ്ഥാപിക്കുന്ന പ്രതിരോധസൗകര്യങ്ങൾ ആപത്കരവും കണ്ണുതുറപ്പിക്കുന്നതുമാണെന്ന് യു.എസ് സൈന്യത്തിന്റെ പസഫിക് കമാൻഡിങ് ജനറൽ ചാൾസ് എ ഫ്ലിൻ. ചൈനയുടെ ഇത്തരം പ്രവർത്തനങ്ങൾ കണ്ണുതുറപ്പിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ ഭയമുളവാക്കുന്നതാണ്. കര-നാവിക-വ്യോമ മേഖലകളിലുള്ള ചൈനയുടെ ആയുധശേഖരം കാണുമ്പോൾ, അതിന്റെ ആവശ്യമെന്തെന്ന ചോദ്യം ചോദിക്കേണ്ടിവരും.
ഇന്തോ-പസഫിക് മേഖലയിൽ ചൈന കാണിക്കുന്ന അസ്ഥിരവും നാശോന്മുഖവുമായ പെരുമാറ്റം ഒട്ടും ഗുണകരമല്ല. ഇതിന് പ്രതിവിധിയായി സഖ്യകക്ഷികളുടെയും പങ്കാളികളുടെയും ശൃംഖല ശക്തിപ്പെടുത്തുകയും ഒരുമിച്ചുനിന്ന് പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട് -ഫ്ലിൻ മുന്നറിയിപ്പ് നൽകി. നാലു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലെത്തിയ ഫ്ലിൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ പങോങ്സു തടാകത്തിനു ചുറ്റുമായി ചൈന കൈവശംവെച്ചിരിക്കുന്ന പ്രദേശത്ത് രണ്ടാമതൊരു പാലം നിർമിക്കുന്നുണ്ടെന്നും മേഖലയിൽ അവരുടെ സൈന്യത്തെ വേഗം അണിനിരത്താൻ സഹായിക്കുമെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നതിനു പിറകെയാണ് ഫ്ലിന്നിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.