അഞ്ചു ഗ്രാമീണരെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്
text_fieldsഇട്ടനഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലയായ അപ്പർ സുബൻസിരിയിൽ അഞ്ചു ഗ്രാമീണരെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം സ്ഫോടനാത്മകമായ അവസ്ഥയിൽ തുടരുന്നതിനിടയിലാണ് അരുണാചലിൽ ചൈനയുടെ പുതിയ പ്രകോപനം. യഥാർഥ നിയന്ത്രണ രേഖയോട് അടുത്ത് താമസിക്കുന്ന ഗോത്രവിഭാഗമായ ടാഗിൻ സമുദായത്തിൽനിന്നുള്ള വേട്ടക്കാരാണ് പിടിക്കപ്പെട്ടതെന്ന് കരുതുന്നതായും എന്നാൽ, സംഭവത്തിൽ ഗ്രാമീണരിൽനിന്ന് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.
കൃത്യമായ അതിർത്തി നിർണയം ബുദ്ധിമുട്ടുള്ള മേഖലയിൽ ഉൾവനത്തിൽ വേട്ടക്കുപോകുന്നവരെ ൈചനയുടെ പീപ്ൾസ് ലിബറേഷൻ സേന പിടികൂടുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ''നാച്ചോ മേഖലക്കടുത്തുള്ള വനത്തിൽനിന്ന് ടാഗിൻ വിഭാഗക്കാരായ അഞ്ചു വേട്ടക്കാരെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞു. കാണാതായവരുടെ കുടുംബാംഗങ്ങൾ പക്ഷേ, പരാതിയൊന്നും നൽകിയിട്ടില്ല'' -അപ്പർ സുബൻസിരി പൊലീസ് സൂപ്രണ്ട് കേനി ബാഗ്ര അറിയിച്ചു. വിഷയത്തിൽ ഇന്ത്യൻ സേനയുമായി ബന്ധപ്പെട്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തങ്ങൾക്ക് ഇതു സംബന്ധിച്ച് വിവരമൊന്നും ഇല്ലെന്നാണ് കരസേന വൃത്തങ്ങൾ പറഞ്ഞത്. ജില്ല ആസ്ഥാനത്തുനിന്ന് 130 കിലോമീറ്റർ അകലെയുള്ള, നാനൂറോളം പേർ താമസിക്കുന്ന ദപോറിജോയിൽ നിന്നുള്ളവരെയാണ് കാണാതായതായി അറിയുന്നതെന്നും വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് നിർദേശം നൽകിയെന്നും എസ്.പി കൂട്ടിച്ചേർത്തു. ഗോത്രവിഭാഗത്തിൽപെട്ട നായാട്ടുകാരനെ രണ്ടുമാസം മുമ്പ് ചൈനീസ് പട്ടാളം പിടികൂടിയിരുന്നുവെന്നും ഇന്ത്യൻ സേനയുമായി നടന്ന ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ മാസം ഇയാളെ വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, മേഖലയിൽ ചൈന നിരന്തരം നടത്തുന്ന കടന്നുകയറ്റങ്ങളിൽ ഓൾ അരുണാചൽ പ്രദേശ് സ്റ്റുഡൻറ്സ് യൂനിയൻ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.