ചൈനീസ് സേനാ പിന്മാറ്റം; കേന്ദ്രത്തിന് മറുപടിയില്ല
text_fieldsന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഭവിച്ചത് രാജ്യത്തോട് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെ സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സേന പിന്മാറിയോ എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ മറുപടി നല്‍കിയില്ല. ചൈന ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറിയെന്ന വാര്‍ത്തകള്‍ക്കുശേഷം പിന്മാറിയെന്നു പറയാന്‍ ചൈനയും ഇന്ത്യയും ഇതുവരേക്കും തയാറായിട്ടില്ല.
സംഘര്‍ഷ പ്രദേശങ്ങളില്‍നിന്ന് ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങള്‍ പഴയ സ്ഥിതിയിലേക്ക് പിന്മാറിയോ എന്ന ചോദ്യത്തോട്, വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര വിദേശ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചില്ല. ജൂണ്‍ ആറിന് ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍മാർ തമ്മിൽ ചര്‍ച്ച നടന്നിരുന്നു.
എത്രയും വേഗം പ്രശ്നത്തിന് പരിഹാരം വേണമെന്ന് ഇരുകൂട്ടരും സമ്മതിച്ചതായി അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അതിര്‍ത്തി മേഖലകളില്‍ സമാധാനവും സ്വസ്ഥതയും ഉറപ്പുവരുത്തുന്ന തരത്തില്‍ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ നല്കുന്ന മാര്ഗനിര്ദേശമനുസരിച്ചാകും അത്. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധങ്ങളുടെ മുന്നോട്ടുള്ള വികാസത്തിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്ഷബാധിതമല്ലാത്ത ഗല്‍വന്‍ താഴ്വരയിലെ 14, 15 പോയൻറുകളില്‍ നിന്നും ഹോട്ട് സ്പ്രിങ് മേഖലയില്‍ നിന്നും ഇരു രാജ്യങ്ങളുടെയും സേനകള്‍ പൂര്‍വസ്ഥാനത്തേക്ക് പിന്മാറിയിട്ടുണ്ടെങ്കിലും സംഘര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ ഇരുകൂട്ടരും പിന്മാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.