നാൽപതോളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി എ.എൻ.ഐ
text_fieldsന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെ തിരിച്ചടിയിൽ 43 ചൈനീസ് സൈനികർക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. ഒരു കേണൽ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായാണ് ഇന്ത്യയുടെ ആക്രമണം.
ഇരുവിഭാഗവും വെടിവെപ്പ് നടത്തിയിട്ടില്ല. ഇരുമ്പുദണ്ഡുകളും കല്ലുകളും തോക്കിൻെറ പാത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. പരിക്കേറ്റ സൈനികർ കൊടും തണുപ്പുള്ള ഗൽവാൻ നദിയിൽ വീണതാണ് മരണസംഖ്യ കൂടാൻ ഇടയാക്കിയത്. ആളപായമുണ്ടായതോടെ ഇരുസൈനികരും രാത്രി സ്വയം പിന്മാറുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യൻ കേണലും രണ്ട് സൈനികരും വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് 17പേർ അതിർത്തിയിലെ കൊടുംതണുപ്പ് മൂലമാണ് മരിച്ചതെന്നും കരസേന വാർത്തക്കുറിപ്പിൽ അറിയിച്ചു.
മരണസംഖ്യ ഉയർന്നേക്കാമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈനികരെ കാണാതായതായും വാർത്തകളുണ്ട്.
ഇരു വിഭാഗവും തമ്മിൽ മണിക്കൂറുകൾ നീണ്ട ഏറ്റമുട്ടലാണ് ഉണ്ടായതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൽവാനിൽ ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ മാസം ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യയുടെ 80 കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈയേറിയിരുന്നു. ഈ ഭാഗത്തുനിന്ന് ഇരു സൈന്യങ്ങളും പിന്മാറിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണം. ഇരു സൈന്യങ്ങളുടേയും മേജർ ജനറൽ തല ചർച്ചയും സംഘർഷസ്ഥലത്ത് നടന്നു. പ്രതിരോധ സേന മേധാവി ജനറൽ ബിപിൻ റാവത്തും മറ്റ് സൈനിക മേധാവികളുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിഷയം ചർച്ച ചെയ്തു.
1975നു ശേഷം ഇതാദ്യമാണ് ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ കൊല്ലപ്പെടുന്നത്. 1975ൽ അരുണാചൽപ്രദേശിലെ തുലുങ് ലായിൽ പട്രോളിങ് നടത്തുകയായിരുന്ന അസം റൈഫിൾസിലെ നാല് ഭടന്മാർ ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് അവസാന സംഭവം.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.