ചൈനീസ് ഉപകരണങ്ങൾ: ടെലികോം കമ്പനികളോട് വിശദാംശം തേടി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ ടെലികോം കമ്പനികൾ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങൾ തേടി കേന്ദ്ര സർക്കാർ. ചൈനീസ് നിർമിത ഉപകരണങ്ങളുടെ വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് ഓപറേറ്റർമാർക്ക് ടെലികോം മന്ത്രാലയം കത്തുനൽകി. ടെലികോം ശൃഖലയിലെ വിവരച്ചോർച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
5ജി നെറ്റ്വർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും രാജ്യത്ത് പ്രമുഖ 4ജി നെറ്റ്വർക്കുകളിൽ ഇപ്പോഴും ചൈനീസ് നെറ്റ്വർക്ക് ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ ഇത്തരത്തിൽ വാവേയ്, സെഡ്.ടി.ഇ എന്നീ കമ്പനികളിൽനിന്ന് വയർലെസ്, ഒപ്ടിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ ബി.എസ്.എൻ.എലിന്റെ 2ജി നെറ്റ്വർക്കും ചൈനീസ് കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
പരിപാലനച്ചെലവും അറ്റകുറ്റപ്പണികളുമടക്കം രാജ്യത്തെ ടെലികോം ഓപറേറ്റർമാരിൽനിന്ന് പ്രതിവർഷം 600 കോടി രൂപയാണ് വാവേയുടെ വരുമാനമെന്നാണ് കണക്ക്. സെഡ്.ടി.ഇക്കും ഇത്തരത്തിൽ വരുമാനം ലഭിക്കുന്നുണ്ട്. നിലവിൽ സ്ഥാപിച്ച ചൈനീസ് നിർമിത ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നത് ടെലികോം ഓപറേറ്റർമാർക്ക് വൻ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇതുകൂടി കണക്കിലെടുത്താണ് നിലവിലുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട് സേവനം നൽകാൻ ചൈനീസ് കമ്പനികൾക്ക് അനുമതി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ചൈനീസ് നിർമിത സിംകാർഡുകൾ സംബന്ധിച്ച് ടെലികോം മന്ത്രാലയം വിവരശേഖരണം നടത്തിയിരുന്നു. 2ജി, 3ജി നെറ്റ്വർക്കുകൾ അവതരിപ്പിക്കുന്ന സമയം രാജ്യത്തെ ഭൂരിഭാഗം സിം കാർഡുകളും ചൈനയിൽ നിർമിച്ചവയായിരുന്നു. 4ജി നെറ്റ്വർക്ക് അവതരിപ്പിച്ച സമയത്ത് ഇത് ഗണ്യമായി കുറക്കാനായതായി മന്ത്രാലയം വിലയിരുത്തിയിരുന്നു.
രാജ്യത്ത് രണ്ടുകോടി ആളുകൾ ഇപ്പോഴും 2ജി സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ. ഈ സിംകാർഡുകളിൽ ഭൂരിഭാഗവും ചൈനീസ് നിർമിത ചിപ്പുകൾ ഉപയോഗിക്കുന്നവയാണെന്നാണ് വിലയിരുത്തൽ. തദ്ദേശീയമായി നിർമാണം ത്വരിതപ്പെടുത്തി ഈ സിംകാർഡുകൾ മാറ്റിനൽകാനും പദ്ധതിയുണ്ട്.
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷ നിലനിന്നതിന് പിന്നാലെ ചൈനീസ് കമ്പനികളുടെ ടെലകോം ഉൽപന്നങ്ങൾക്ക് വിശ്വസനീയത വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടേറിയറ്റ് (എൻ.എസ്.സി.എസ്) നിർബന്ധമാക്കിയിരുന്നു. സുരക്ഷാ ഭീഷണിയില്ലെന്ന് ഉറപ്പാക്കാൻ ആഭ്യന്തര, വിദേശ, വാർത്താവിനിമയം ഉൾപ്പെടെ 10ലേറെ മന്ത്രാലയങ്ങളുടെ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് ഈ സർട്ടിഫിക്കറ്റ് അനുവദിക്കുക. എന്നാൽ, ഇതുവരെ ചൈനീസ് കമ്പനികൾക്ക് ഈ അംഗീകാരം നേടാനായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.