ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംശയാസ്പദ സാഹചര്യത്തിൽ ചൈനീസ് പൗരൻ പിടിയിൽ
text_fieldsമാൾഡ: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം 35കാരനായ ചൈനക്കാരനെ അതിർത്തി സുരക്ഷാ സേന പിടികൂടിയതായി അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ അതിർത്തിയിൽനിന്നാണ് സംശയാസ്പദ സാഹചര്യത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഹാൻ ജുൻവെയ് എന്നാണ് ഇദ്ദേഹത്തിൻെറ പേരെന്നും ചൈനീസ് പാസ്‌പോർട്ട്, ബംഗ്ലാദേശ് വിസ, ലാപ്‌ടോപ്പ്, മൂന്ന് സിം കാർഡുകൾ എന്നിവ ഇയാളിൽനിന്ന് ലഭിച്ചതായും സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ഇയാളെ പിടികൂടുന്നത്. തുടർന്ന് ബി.എസ്.എഫിൻെറ കാലിയാചക് പോസ്റ്റിലേക്ക് എത്തിച്ച് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
യുവാവിന് ഇംഗ്ലീഷ് അറിയാത്തതിനാൽ ആദ്യഘട്ടത്തിൽ ആശയം വിനിമയം ബുദ്ധിമുട്ടായി. തുടർന്ന് ചൈനീസ് ഭാഷ അറിയുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. ഇയാളുടെ സഹായത്താൽ രഹസ്യാന്വേഷണ ഏജൻസികൾ ഹാൻ ജുൻവെയെ ചോദ്യം ചെയ്യുകയാണ്.
മാൾഡയിലുള്ള ബംഗ്ലാദേശ് അതിർത്തി ഏറെ കുപ്രസിദ്ധമാണ്. മയക്കുമരുന്ന്, ആയുധങ്ങൾ, കന്നുകാലി എന്നിവയുടെ കള്ളക്കടത്തും അനധികൃത കുടിയേറ്റവും ഇവിടെ സജീവമാണെന്ന് അധികൃതർ പറയുന്നു. ഈ മേഖലയിൽ ബി.എസ്.എഫിൻെറ ദക്ഷിണ ബംഗാൾ വിഭാഗമാണ് കാവൽ നിൽക്കുന്നുന്നത്.
ഹാൻ ജുൻവെയ് തനിച്ചാണോ അതോ കൂടെ ആരെങ്കിലും ഇന്ത്യയിലേക്ക് കടന്നുകയറിയോ എന്ന് സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ബംഗ്ലാദേശ് സന്ദർശനത്തിൻെറ ഉദ്ദേശ്യത്തെക്കുറിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കൂടുതൽ വിശദാംശങ്ങളും അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനുള്ള കാരണങ്ങളും അറിയാൻ കഴിയുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.