ഡി.എം.കെയുടെ പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ്; വിമർശനവുമായി ബി.ജെ.പി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്തെ ഐ.എസ്.ആർ.ഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ തറയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ഡി.എം.കെ പത്രങ്ങളിൽ നൽകിയ മുഴുപേജ് പരസ്യത്തിൽ ചൈനീസ് റോക്കറ്റിന്റെ പടം ഉൾപ്പെടുത്തിയത് വിവാദത്തിൽ. ഇന്നലെ പ്രധനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങിന്റെ പരസ്യം നൽകിയത് ഡി.എം.കെ മന്ത്രി അനിത രാധാകൃഷ്ണന്റെ പേരിലാണ്. മോദി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കനിമൊഴി എം.പി, മന്ത്രി ഉദയ്നിധി സ്റ്റാലിൻ എന്നിവരുടെ പടങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യയുടെ റോക്കറ്റിന്റെ പടം പരസ്യത്തിലില്ല. വലിപ്പത്തിൽ നൽകിയത് ചൈനീസ് പതാകയുള്ള റോക്കറ്റാണ്. ചെറുതായി നൽകിയവയും വിദേശ റോക്കറ്റുകളുടെ പടമാണെന്നാണ് ആരോപണം.
രാജ്യത്തിന്റെ പുരോഗതിക്ക് നേരെ ഡി.എം.കെ കണ്ണടക്കുകയാണെന്ന് തിരുനെൽവേലിയിൽ മറ്റൊരു ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. കേന്ദ്രത്തിന്റെ പദ്ധതികളുടെ അവകാശമുന്നയിക്കുന്ന ഡി.എം.കെ പരിധി കടന്ന് റോക്കറ്റ് വിക്ഷേപണത്തറയുടെ നേട്ടം അവകാശപ്പെടാൻ ചൈനയുടെ സ്റ്റിക്കർ ഒട്ടിച്ചെന്നും മോദി ആരോപിച്ചു. ചൈനയോട് ഡി.എം.കെക്കുള്ള കടപ്പാടിന്റെ പ്രഖ്യാപനമാണ് ഈ പരസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. രാജ്യത്തിൻ്റെ പരമാധികാരത്തോടുള്ള തികഞ്ഞ അവഗണനയാണിതെന്നും അണ്ണാമലൈ ആരോപിച്ചു.
അതേസമയം, ചൈനയെ ഇന്ത്യയുടെ ശത്രുവായി ആരും പ്രഖ്യാപിച്ചിട്ടില്ലെന്ന് കനിമൊഴി പറഞ്ഞു.ആരോ തയാറാക്കിയ പരസ്യമാണത്. ചൈനീസ് പ്രധാനമന്ത്രി ഇവിടെ വരുന്നു. നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തെ സ്വീകരിക്കുന്നു. ഇരുവരും മഹാബലിപുരത്ത് നടക്കാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ ചൈനയെ ശത്രുവായി പ്രഖ്യാപിച്ചതായി ആരും പറഞ്ഞിട്ടില്ലെനും കനിമൊഴി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.