സ്വന്തം മണ്ണിലേക്ക് മടങ്ങാനാകുമോ ഈ ചൈനീസ് സൈനികന്?
text_fieldsഭോപാല്‍: 1962ലെ ഇന്ത്യ-ചൈന യുദ്ധസമയത്താണ് 77കാരനായ വാങ് ക്വി എന്ന ചൈനീസ് പട്ടാളക്കാരന്‍ ഇന്ത്യയിലത്തെിയത്. മടക്കത്തിനിടെ വഴിതെറ്റി. വിവിധ ജയിലുകളിലെ വാസത്തിനും കഠിനമായ അനുഭവങ്ങള്‍ക്കുമൊടുവില്‍ എത്തിയത് മധ്യപ്രദേശില്‍. പിന്നെ ചൈനയിലേക്ക് മടങ്ങാനായില്ല. വിവാഹിതനായ അദ്ദേഹം കുടുംബവുമൊത്ത് ഇവിടുത്തെ താമസക്കാരനായി. മധ്യപ്രദേശിലെ നക്സല്‍ സാന്നിധ്യമുള്ള ജില്ലയായ ബാലഘട്ടിലെ തിരോധി മേഖലയാണിപ്പോള്‍ വാങ് ക്വിയും കുടുംബവും.
കൂടപ്പിറപ്പുകളെയും ബന്ധുക്കളെയും കാണണമെന്ന വാങ് ക്വിയുടെ ആഗ്രഹം ഈ അഞ്ച് പതിറ്റാണ്ടിനിടയില്‍ സഫലമായില്ല. ഇന്ത്യന്‍ അധികൃതര്‍ അതിന് തടസ്സം നിന്നു. എല്ലാ തടസ്സവും നീങ്ങി ഒരിക്കല്‍ സ്വന്തം മണ്ണിലേക്കും ഉറ്റവരിലേക്കും മടങ്ങാനാവുമെന്നുള്ള പ്രതീക്ഷയിലാണ് ഇന്നും ഈ വയോധികന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കിടയിലും ആ പ്രതീക്ഷക്ക് മങ്ങലേറ്റിട്ടില്ല.
1960ലാണ് വാങ് ക്വി ചൈനീസ് പട്ടാളത്തില്‍ ചേര്‍ന്നതെന്ന് അദ്ദേഹത്തിന്‍െറ 35കാരനായ മകന്‍ വിഷ്ണു പറയുന്നു. ചൈനയുടെ കിഴക്കന്‍ യുദ്ധമുന്നണിക്കൊപ്പം ഇന്ത്യയില്‍ പ്രവേശിച്ച വാങ് ക്വിക്ക് ഒരു രാത്രി വഴി തെറ്റുകയായിരുന്നു. അസമില്‍ എത്തിയ അദ്ദേഹം ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ പിടിയിലായി. അവര്‍ 1963 ജനുവരി ഒന്നിന് ഇന്ത്യന്‍ സൈന്യത്തിന് കൈമാറി. അസം, അജ്മീര്‍, ഡല്‍ഹി, പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിലെ ജയിലുകളില്‍ കിടന്നശേഷം 1969ല്‍ ഡല്‍ഹി ഹൈകോടതി വാങ് ക്വിയെ മോചിപ്പിച്ചു.
വാങ് ക്വിയെ പുനരധിവസിപ്പിക്കാമെന്ന് കോടതിക്ക് ഇന്ത്യ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. പല സംസ്ഥാനങ്ങളിലൂടെ കൈമാറി ഒടുവില്‍ മധ്യപ്രദേശിലെ ബാലഘട്ട് പൊലീസിന്‍െറ കൈയില്‍ ഏല്‍പിക്കുകയായിരുന്നു. ബാലഘട്ടിലെ മില്ലില്‍ വാച്ച്മാനായി ജോലി നോക്കി. പിതാവിന്‍െറ നേപ്പാളി മുഖച്ഛായ കണ്ട് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് രാജ് ബഹാദൂര്‍ എന്ന് പേരിട്ടതായും വിഷ്ണു പറയുന്നു.
1975ല്‍ സുശീല എന്ന സ്ത്രീയെ വിവാഹം കഴിച്ചതോടെ പ്രതിമാസം നല്‍കിയിരുന്ന 100 രൂപ പെന്‍ഷന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ത്തി. സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അതിയായ ആഗ്രഹത്താല്‍ പ്രധാനമന്ത്രിമാരുടെ ശ്രദ്ധയില്‍പോലും വിഷയം കൊണ്ടുവന്നിരുന്നതായി വിഷ്ണു പറഞ്ഞു. ഒരു കച്ചവട സ്ഥാപനത്തില്‍ അക്കൗണ്ടന്‍റാണ് വിഷ്ണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.