ഡോക്‌ലാമിലെ ചൈന ഗ്രാമത്തിൽ നിറയെ താമസക്കാരായി
text_fieldsന്യൂഡൽഹി: ഇന്ത്യയുമായുള്ള അതിർത്തിക്കരികെ, ഡോക്‌ലാം പീഠഭൂമിക്കു കിഴക്ക് ഒമ്പതു കി.മീറ്റർ മാറി ചൈന നിർമിച്ച ഗ്രാമത്തിൽ നിറയെ താമസക്കാരായതായി റിപ്പോർട്ട്. ഗ്രാമത്തിലെ ഓരോ വീടിനു മുന്നിലും കാർ നിർത്തിയിട്ടത് യു.എസ് കേന്ദ്രമായ 'മാക്സർ ടെക്നോളജീസി'ന്റെ ഉപഗ്രഹചിത്രത്തിൽ വ്യക്തമാണെന്ന് എൻ.ഡി ടി.വി റിപ്പോർട്ട് പറയുന്നു. പാങ്ഡ എന്നാണ് ചൈന ഈ ഗ്രാമത്തിനിട്ട പേര്.
2017ൽ ഇന്ത്യ-ചൈന സൈന്യം തമ്മിൽ 74 ദിവസങ്ങൾ നീണ്ട സംഘർഷമുണ്ടായ ഡോക്‍ലാം പീഠഭൂമി, ഇന്ത്യ-ഭൂട്ടാൻ-ചൈന ത്രിരാഷ്ട്ര അതിർത്തിയിലാണ്. ഇവിടെ ആമോ ചു നദിക്കരയിൽ ചൈന ഭൂട്ടാൻ മേഖലയിലേക്കെത്തുന്ന നിർമാണവും നടത്തിയിട്ടുണ്ട്. ഇത് നിർണായക പ്രദേശത്ത് ചൈനക്ക് ആധിപത്യമുറപ്പിക്കാൻ സഹായിക്കും. സിലിഗുരി ഇടനാഴിയിലേക്കുള്ള കാഴ്ചയും ഇവിടെനിന്ന് ലഭിക്കും. പശ്ചിമബംഗാളിലെ സിലിഗുരി വഴിയുള്ള 22 കി.മീറ്റർ മേഖലയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഇതര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്.
ആമോ ചു നദിക്കരയിൽ മറ്റൊരു ഗ്രാമത്തിന്റെ നിർമാണം പൂർത്തിയാകുന്ന ഘട്ടത്തിലാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലുണ്ട്. താഴ്വരക്ക് തെക്ക് മറ്റൊരു ഗ്രാമത്തിന്റെ നിർമാണം നടക്കുന്നതായും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അതിർത്തിയിലെ നിർമാണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ, ദേശസുരക്ഷയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ സർക്കാറിന്റെ ശ്രദ്ധ പതിയുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.