വേഷം ബുദ്ധ സന്യാസിയുടേത്, സ്വദേശം ചൈന, താമസം അഭയാർഥി ക്യാമ്പിൽ; നിഗൂഡ വനിതയെ അറസ്റ്റ് ചെയ്ത് പൊലീസ്
text_fieldsന്യൂഡൽഹി: നിഗൂഡ സാഹചര്യത്തിൽ ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാർഥി കേന്ദ്രത്തില്‍ താമസിച്ചിരുന്ന ചൈനീസ് യുവതി പോലീസ് പിടിയിൽ. ബുദ്ധ സന്യാസിയായി വേഷം മാറിയാണ് യുവതി ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ താമസിച്ചിരുന്നത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചാരപ്രവര്‍ത്തനം നടത്താന്‍ യുവതി പദ്ധതിയിട്ടെന്ന സംശയത്തിലാണ് പൊലീസ് നടപടി. യുവതി ചാരപ്രവർത്തനം നടത്തിയോ എന്നത് അന്വേഷിച്ചുവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
കാഠ്മണ്ഡുവിലെ വിലാസത്തിലുളള തിരിച്ചറിയല്‍ കാര്‍ഡില്‍ യുവതിയുടെ പേര് ഡോള്‍മ ലാമ എന്നാണ്. ഇവരുടെ യഥാര്‍ത്ഥ പേര് കായ് റുവോ എന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിലേറെയായി വളരെ തന്ത്രപരമായി യുവതി ഇന്ത്യയില്‍ തങ്ങി വരികയായിരുന്നു. തിങ്കളാഴ്ചയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ചാരപ്രവര്‍ത്തനം നടത്താന്‍ യുവതി പദ്ധതിയിട്ടതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറയുന്നു.
ഇംഗ്ലീഷ്, ചൈനീസ്, നേപ്പാളി ഭാഷകള്‍ ഇവര്‍ അനായാസം കൈകാര്യം ചെയ്യും. ഡല്‍ഹി യൂനിവേഴ്‌സിറ്റിയുടെ നോര്‍ത്ത് കാമ്പസിനടുത്തുളള ടിബറ്റന്‍ അഭയാർഥി കേന്ദ്രമായ മജ്‌നു കാ ടില്ലയിലായിരുന്നു യുവതിയുടെ താമസം. വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായ സ്ഥലമാണിത്. ഇവിടെ ബുദ്ധ സന്യാസികളുടേതിന് സമാനമായ ചുവന്ന വസ്ത്രം ധരിച്ച് മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു ഇവരുണ്ടായിരുന്നത്.
2019ല്‍ ചൈനീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കായ് റുവോ ഇന്ത്യയിലെത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ചാരപ്രവര്‍ത്തി സംബന്ധിച്ച് ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഒരു വനിതാ ചൈനീസ് ചാരന്‍ ഡല്‍ഹിയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.