ചിന്താശിബിരത്തിന് നാളെ തുടക്കം
text_fieldsന്യൂഡൽഹി: വെള്ളി, ശനി ദിവസങ്ങളിലായി ഹരിയാനയിലെ സുരാജ്കുന്തിൽ നടക്കുന്ന ചിന്താശിബിരത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രിമാരെയും ഡി.ജി.പിമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
ആഭ്യന്തര സെക്രട്ടറിമാർ, കേന്ദ്ര സായുധ സേനയുടെയും കേന്ദ്ര പൊലീസ് സംഘടനയുടെയും ഡയറക്ടർ ജനറലുമാർ തുടങ്ങിയവർ പങ്കെടുക്കും. പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച 'പഞ്ച് പ്രാൺ' (അഞ്ച് പ്രതിജ്ഞകൾ) അനുസരിച്ച് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നയരൂപവത്കരണമാണ് ചിന്താശിബിരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പൊലീസ് സേനയുടെ ആധുനികവത്കരണം, സൈബർ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, നീതിന്യായ സംവിധാനത്തിൽ ഐ.ടിയുടെ ഉപയോഗം വർധിപ്പിക്കൽ, അതിർത്തി സംരക്ഷണം, തീര സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര ചർച്ച നടക്കും.
ഫെഡറൽ സംവിധാനത്തിന്റെ സഹകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതിയാണ് ചിന്താശിബിരം. ഇത് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ആസൂത്രണത്തിലും ഏകോപനത്തിലും കൂടുതൽ ഇഴയടുപ്പം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.