നിതീഷ് കുമാർ മൂന്നാമത്; ഫലം കാണുന്നത് ചിരാഗ് പാസ്വാന്‍റെ കുതന്ത്രമോ?
text_fieldsപാട്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടരുമ്പോൾ ഏറ്റവും കൂടുതൽ സീറ്റുകളിൽ മുന്നേറ്റം തുടരുന്നത് എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി തന്നെ. 77 സീറ്റിലാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി മുന്നിലുള്ളത്. അതേസമയം, സഖ്യകക്ഷി നിതീഷ് കുമാറിന്‍റെ ജെ.ഡി(യു) മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 44 സീറ്റിലാണ് ജെ.ഡി(യു) മുന്നേറ്റമുള്ളത്. നിതീഷിനെ തറപറ്റിക്കുമെന്ന് പ്രഖ്യാപിച്ച് സഖ്യത്തിൽ നിൽക്കാതെ മത്സരിച്ച എൽ.ജെ.പിയുടെ ചിരാഗ് പാസ്വാന്‍റെ കുതന്ത്രം ഫലം കാണുന്നതായാണ് വിലയിരുത്തൽ.
67 സീറ്റിൽ മുന്നിലുള്ള തേജസ്വി യാദവിന്‍റെ ആർ.ജെ.ഡിയാണ് രണ്ടാംസ്ഥാനത്തുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെക്കാൾ സീറ്റ് ഉണ്ടായിരുന്ന ജെ.ഡി(യു) ഇക്കുറി ബി.ജെ.പിക്കും പിറകിൽ പോവുകയാണ്. ഇതുവരെയുള്ള ഫലം പരിശോധിക്കുമ്പോൾ, എൽ.ജെ.പി എതിരാളികളെ നിർത്തിയിരുന്നില്ലെങ്കിൽ ജെ.ഡി(യു) ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമായിരുന്നു എന്നാണ് വിലയിരുത്തൽ.
നിതീഷിനെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് എൽ.ജെ.പി നേതാവും അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍റെ മകനുമായ ചിരാഗ് പാസ്വാൻ തെരഞ്ഞെടുപ്പ് രംഗത്തേക്കെത്തിയത്. അതേസമയം, ബി.ജെ.പിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ജെ.ഡി(യു) മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി വോട്ടുകൾ വിഭജിച്ച എൽ.ജെ.പി പക്ഷേ, ബി.ജെ.പി മത്സരിച്ച ഒരിടത്തും സ്ഥാനാർഥികളെ നിർത്തിയതുമില്ല.
കൃത്യമായും നിതീഷിനെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ചിരാഗ് മുന്നോട്ടുവെച്ചത്. നിലവിലെ വോട്ട് നില പരിശോധിക്കുമ്പോൾ ചിരാഗിന്‍റെ കുതന്ത്രം വിജയം കാണുകയാണ് എന്ന് തന്നെ പറയേണ്ടിവരും.
തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബി.ജെ.പിയും എൽ.ജെ.പിയും ചേർന്നാണ് സർക്കാർ രൂപീകരിക്കുകയെന്ന് ചിരാഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജെ.ഡി(യു)വുമായി ഒരു കാരണവശാലും ഒന്നിച്ചുപോകില്ലെന്ന നിലപാട് കൈക്കൊണ്ടാണ് എൻ.ഡി.എ വിട്ട് തനിച്ച് മത്സരിച്ചത്. സഖ്യമാണെങ്കിലും നിതീഷിന്‍റെ വളർച്ച തടയാൻ അവസരം കാത്തുകഴിയുന്ന ബി.ജെ.പി ഇത് വീണുകിട്ടിയ അവസരമാക്കി മാറ്റുകയായിരുന്നു.
ബി.ജെ.പിയുടെ അനുവാദത്തോടുകൂടിയാവണം ചിരാഗ് ജെ.ഡി(യു)വിനെതിരെ മത്സരിക്കാൻ തീരുമാനിച്ചിരിക്കുക. തന്‍റെ പദ്ധതി അമിത് ഷായോടും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയോടും വ്യക്തമാക്കിയിരുന്നു എന്ന് ചിരാഗ് പാസ്വാൻ തന്നെ സമ്മതിച്ച കാര്യമാണ്.
2005ൽ രാംവിലാസ് പാസ്വാൻ ഒറ്റക്ക് നിന്നപ്പോൾ വീണത് ലാലു പ്രസാദ് യാദവായിരുന്നെങ്കിൽ ഒന്നര പതിറ്റാണ്ടിനിപ്പുറം അച്ഛന്‍റെ അതേ വിദ്യ മകൻ പയറ്റുമ്പോൾ നിതീഷ് കുമാർ വീഴുമോ അതോ വാഴുമോ എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.