വീട്ടിൽ കയറി ബൈബിൾ കത്തിച്ചു, വീട്ടുടമയെ ഭീഷണിപ്പെടുത്തി; 'ക്രിസ്ത്യൻ പുരോഹിതൻ ഗ്രാമത്തിൽ വന്നാൽ തല്ലിക്കൊല്ലും'
text_fieldsമംഗളൂരു: ചിത്രദ്രുഗ ജില്ലയിലെ മല്ലേനു ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് സംഘ്പരിവാർ അനുകൂലികൾ വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിച്ചു. വീട്ടുടമസ്ഥയായ 62കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്ന വീഡിയോ ഇവർ പുറത്തുവിട്ടു. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എങ്കതമ്മ (62) എന്ന സ്ത്രീയുടെ വീട്ടിലാണ് അതിക്രമം അരങ്ങേറിയത്. ഏതാനും സ്ത്രീകൾ വീടിനുള്ളിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടെ കാവിയണിഞ്ഞ ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി പ്രാർത്ഥന തടസ്സപ്പെടുത്തി. പ്രാർത്ഥിക്കാനെത്തിയ രണ്ട് സ്ത്രീകളെ ഇവർ ബലം പ്രയോഗിച്ച് പറഞ്ഞയച്ചു.
'ഈ ഗ്രാമത്തിൽ ഏതെങ്കിലും ക്രിസ്ത്യൻ പുരോഹിതൻ വന്നാൽ ഞങ്ങൾ അവനെ തല്ലിക്കൊല്ലും. നിങ്ങൾക്ക് ഞങ്ങൾ പറയുന്നതിൽ വിശ്വാസമില്ലെങ്കിൽ ഇപ്പോൾ വിളിക്കൂ, ഞങ്ങൾ കാണിച്ചുതരാം. നിനക്ക് ക്രിസ്തുമതം ആചരിക്കണമെങ്കിൽ അത് ചെയ്യുക, എന്നാൽ പ്രാർത്ഥനയുടെ പേരിൽ അയൽക്കാരെ വീട്ടിലേക്ക് വിളിച്ച് മതപരിവർത്തനം നടത്തരുത്' -അക്രമിസംഘം എങ്കതമ്മയെ ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ കാണാം. വാക്കുതർക്കത്തിനിടെ ബൈബിൾ തട്ടിപ്പറിച്ച് വീടിന് മുന്നിലിട്ട് കത്തിക്കുകയായിരുന്നു. അതേസമയം, എങ്കതമ്മ അസുഖത്തെ തുടർന്ന് ഹിരിയൂരിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥനക്ക് പോയിരുന്നുവെന്നും രോഗം ഭേദമായതോടെ വീട്ടിൽ പ്രാർഥന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
"എങ്കതമ്മക്ക് സുഖമില്ലാത്തതിനാൽ ഹിരിയൂരിലെ ഒരു പള്ളിയിൽ പോയിരുന്നു. ഇക്കാര്യം അവർ തന്റെ പിതാവ് രാമ നായിക്കിനെയും അറിയിച്ചിരുന്നു. തുടർന്ന് പള്ളിക്കാർ ഏങ്കതമ്മയുടെ വീട്ടിൽവന്നു വൈകുന്നേരം പ്രാർത്ഥന നടത്തി. അവർ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരുസംഘം വീട്ടിൽകയറി ബഹളം ഉണ്ടാക്കുകയും എന്തിനാണ് വീട്ടിൽ പ്രാർത്ഥന നടത്തുന്നത് എന്ന് ചോദിക്കുകയും ചെയ്തു'-ചിത്രദുർഗ എസ്.പി പരശുരാമൻ പറഞ്ഞു. എന്നാൽ, വിഷയത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.