'കള്ളത്താടി'യിൽ റഫാൽ വിമാനം തൂക്കി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിെല അഴിമതി വീണ്ടും വിവാദമായതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒളിയമ്പ്. 'ചോർ കി ദാദി' (കള്ളന്റെ താടി) എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്.
മോദിയുടേതിനോട് സാദൃശ്യമുള്ള താടിയിൽ റഫാൽ വിമാനം ബന്ധിപ്പിച്ചുള്ളതാണ് ചിത്രം. നിരവധിപേരാണ് ഇത് പങ്കുവെച്ചത്. അതേസമയം, ചിത്രത്തിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ അടക്കമുള്ളവർ രംഗത്തെത്തി.
റഫാൽ ഇടപാടിൽ അഴിമതി ആരോപണം മുൻനിർത്തി ഫ്രാൻസിെൻറ ദേശീയ സാമ്പത്തിക കുറ്റവിചാരണ കാര്യാലയമാണ് (പി.എൻ.എഫ്) ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ, സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.
ഫ്രാൻസിലെ അന്വേഷണാത്മക വെബ് പോർട്ടലായ മീഡിയപാർട്ട് തുടർച്ചയായി പുറത്തുവിട്ട വിവരങ്ങൾ മുൻനിർത്തിയാണ് അവിടത്തെ ജുഡീഷ്യൽ അന്വേഷണം. റഫാൽ കരാർ നേടിയെടുക്കാൻ 10 ലക്ഷം യൂറോ ഇന്ത്യൻ ഇടനിലക്കാരന് കമീഷൻ നൽകിയതിെൻറയും മറ്റും വിശദാംശങ്ങളാണ് പുറത്തായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ് നിക്കോളാസ് ഹോളണ്ടെയുമായുള്ള ചർച്ചകളെ തുടർന്ന് 2016 സെപ്റ്റംബറിലാണ് 36 റഫാൽ പോർവിമാനങ്ങൾക്കുള്ള 59,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചത്. 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ (എച്ച്.എ.എൽ) നിർമിക്കാൻ സാങ്കേതികവിദ്യ കൈമാറുന്നതടക്കം 128 റഫാൽ വിമാനങ്ങൾക്കായി യു.പി.എ സർക്കാർ രൂപപ്പെടുത്തിയ ഇടപാട് ഉപേക്ഷിച്ചാണ് 36 എണ്ണം നേരിട്ടുവാങ്ങാൻ മോദി കരാറുണ്ടാക്കിയത്.
റഫാൽ കരാർ മോദി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുേമ്പ പ്രമുഖ വ്യവസായി അനിൽ അംബാനിയും ദസോയും പങ്കാളിത്ത കരാർ ഉണ്ടാക്കിയെന്നും മീഡിയപാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. അംബാനിയെ ഇന്ത്യൻ പങ്കാളിയാക്കണമെന്ന സമ്മർദം ഫ്രാൻസിനു മേൽ ഉണ്ടായിരുന്നുവെന്ന ആരോപണം നിലനിൽക്കേയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.