എന്തുകൊണ്ട് 2013ൽ മൻമോഹൻ സിങ്ങിന് ഭാരത രത്ന നൽകിയില്ല; കോൺഗ്രസിന് താൽപര്യം ഗാന്ധി-നെഹ്റു കുടുംബാംഗങ്ങളെ മാത്രം -വിമർശനവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ഭാരത രത്നം നൽകണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാനുറച്ച് കോൺഗ്രസ്. കേന്ദ്രസർക്കാർ മൻമോഹൻ സിങ്ങിന് ഭാരത രത്നം നൽകണമെന്നാവശ്യപ്പെട്ട് തെലങ്കാന സർക്കാർ പ്രമേയം പാസാക്കിയതിന് പിന്നാലെയാണിത്.
തെലങ്കാന സർക്കാറിന്റെ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് രാജ്യസഭ കോൺഗ്രസ് ഡെപ്യൂട്ടി നേതാവായ പ്രമോദ് തിവാരി പറഞ്ഞു. ''പ്രമേയം അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ്. നമ്മുടെ രാജ്യത്തെ മികച്ച നേതാവായിരുന്നു മൻമോഹൻ സിങ്. അദ്ദേഹം ഭാരത രത്ന അർഹിക്കുന്നു.''-പ്രമോദ് തിവാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വിദ്യാഭ്യാസ അവകാശം, വിവരാവകാശം, എം.എൻ.ആർ.ഇ.ജി.എ തുടങ്ങിയ ആവശ്യങ്ങൾക്കായി പോരാടിയ വ്യക്തിക്ക് ഭാരതരത്‌ന നൽകണമെന്നാവശ്യപ്പെട്ടാണ് തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയതെന്ന് കോൺഗ്രസ് ദേശീയ വക്താവ് സുഭ്രൻഷ് കുമാർ റായ് പറഞ്ഞു. രാജ്യത്തെ പരമോന്നത ബഹുമതിക്ക് അദ്ദേഹം ഏറ്റവും അർഹനായ വ്യക്തിയാണെന്നും റായ് കൂട്ടിച്ചേർത്തു.
പ്രമേയം പാസാക്കിയതിന് പുറമെ, മൻമോഹൻ സിങ്ങിന് ആദരമായി ഹൈദരാബാദിൽ അദ്ദേഹത്തിന്റെ പ്രതിമ നിർമിക്കാനും തെലങ്കാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിലെ ദൈർഘ്യമേറിയ പ്രത്യേക സെഷനിലാണ് ബി.ആർ.എസും ബി.ജെ.പിയുമടക്കമുള്ള തെലങ്കാനയിലെ പ്രതിപക്ഷ കക്ഷികളുടെ അംഗീകാരം ലഭിച്ചത്.
2013ൽ മൻമോഹൻ സിങ്ങിന് ഭാരത രത്ന ലഭിക്കാത്തതിന് പിന്നിൽ സോണിയ ഗാന്ധിയുടെ കരങ്ങളാണെന്ന വിമർശനവുമായി ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെയാണ് ഈ ആവശ്യമുന്നയിച്ച് തെലങ്കാന സർക്കാർ പ്രമേയം പാസാക്കിയത്. മൻമോഹൻ സിങ്ങിന് ഭാരത രത്ന നൽകണമെന്ന ശിപാർശയോട് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അനുകൂല സമീപനം കാണിച്ചില്ലെന്നായിരുന്നു വിമർശനം. നിയമസഭയിൽ പ്രമേയം പാസാക്കുന്നതിന് പകരം എന്തുകൊണ്ടാണ് 2013ൽ മൻമോഹൻ സിങ്ങിന് ഭാരത രത്ന നൽകാതിരുന്നത് എന്നതിനെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സോണിയ ഗാന്ധിയോട് ചോദിക്കുന്നതാണ് ഉചിതമെന്നും ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല പ്രതികരിച്ചു. എന്ത്കൊണ്ട് ഇന്ത്യയിലെ ആദ്യ സിഖ് പ്രധാനമന്ത്രിക്ക് ഭാരത രത്നം നൽകിയില്ല. കാരണം നെഹ്റു-ഗാന്ധി കുടുംബങ്ങളിലെ ആരെയും ഉയർത്തിക്കാണിക്കുന്നതിന് കോൺഗ്രസ് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും പൂനവാല ആരോപിച്ചു. സിഖ് വോട്ടുകൾ കണക്കിലെടുത്താണ് കോൺഗ്രസ് മൻമോഹൻ സിങ്ങിനെ കൊണ്ടുനടന്നതെന്നും മറ്റൊരു ബി.ജെ.പി നേതാവ് വിമർശനമുന്നതിച്ചു.
അതിനിടെ, 2013ൽ മൻമോഹൻ സിങ്ങിന് കോൺഗ്രസ് ഭാരത രത്ന നിഷേധിച്ചുവെന്ന വാദങ്ങൾ പച്ചക്കള്ളമാണെന്ന് പറഞ്ഞ് റായ് തള്ളിക്കളഞ്ഞു. ഇത് സത്യമാണെന്ന് കാണിക്കാനുള്ള തെളിവുകൾ ബി.ജെ.പി നേതാക്കൾ പൊതുജനങ്ങൾക്ക് മുന്നിൽ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞാഴ്ചയാണ് 92ാം വയസിൽ മൻമോഹൻ സിങ് അന്തരിച്ചത്. അതേസമയം, മൻമോഹൻ സിങ്ങിന്റെ നിര്യാണത്തോടനുബന്ധിച്ച് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനിടെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പുതുവർഷം ആഘോഷിക്കാൻ പോയതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.