ചൗഹാൻ നിരാഹാരം അവസാനിപ്പിച്ചു
text_fieldsഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ 28 മണിക്കൂർ നീണ്ട സമാധാന നിരാഹാരം അവസാനിപ്പിച്ചു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും കർഷക പ്രശ്നങ്ങളിൽ ഉടൻ നടപടി എടുക്കാമെന്നും ഉറപ്പു നൽകിക്കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. ഭാരതീയ കിസാൻ സംഘവും മറ്റു കർഷക ഗ്രൂപ്പുകളും തങ്ങൾക്ക് നല്ല പിന്തുണ നൽകിയെന്നും താൻ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പിന്നീട് ചൗഹാൻ ട്വീറ്റ് ചെയ്തു.
കർഷകരുടെ അധ്വാനം വെറുതെയാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സർക്കാർ വാങ്ങാമെന്നും അറിയിച്ചു. എന്നാൽ വായ്പ എഴുതി തള്ളുന്നതിനെ കുറിച്ച് ഒരു ഉറപ്പും നൽകിയിട്ടില്ല. എഴുതി തള്ളുകയാണെങ്കിൽ ആറു ലക്ഷത്തിലേറെ കർഷകർക്ക് ഉപകാരപ്രദമാകുന്ന നടപടിയായിരിക്കുമത്. പലിശയില്ലാത്ത വായ്പ കർഷകർക്ക് നൽകുന്നതിനാൽ വായ്പ എഴുതി തള്ളാനാകില്ലെന്ന് നേരത്തെ കൃഷി മന്ത്രി അറിയിച്ചിരുന്നു.
കർഷക പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിയുതിർത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും ചൗഹാൻ കർഷകർക്ക് ഉറപ്പു നൽകി.
നേരത്തെ, നിരാഹാരം അവസാനിപ്പിക്കാൻ ചൗഹാനോട് കർഷക കുടംബങ്ങൾ ആവശ്യപ്പെട്ടിരുന്നു. അവരുടെ ഗ്രാമം സന്ദർശിക്കാനും കർഷകർ ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം തങ്ങൾ ചെയ്യും. സമാധാനം പുനഃസ്ഥാപിക്കപ്പെടുമെങ്കിൽ അടുത്ത നടപടി തീരുമാനിക്കുമെന്നും ചൗഹാൻ പറഞ്ഞിരുന്നു.
കർഷക പ്രക്ഷോഭം ശക്തമായ മധ്യപ്രദേശിൽ സമാധാനം പുഃസ്ഥാപിക്കാനെന്ന പേരിലാണ് ഭോപാൽ ദസ്റ മൈതാനത്ത് രണ്ടു ദിവസമായി മുഖ്യമ്രന്തി ശിവരാജ് സിങ് ചൗഹാൻ നിരാഹാരമിരുന്നത്. കാർഷിക വായ്പ എഴുതി തള്ളണം. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ദിവസങ്ങളായി മധ്യപ്രദേശിലെ മന്ത്സൗറിൽ കർഷകർ പ്രക്ഷോഭം നടത്തുന്നത്. കർഷക സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ആറു കർഷകർ മരിച്ചിരുന്നു. അതോടെ പ്രക്ഷോഭം അനിയന്ത്രിതമായി. തുടർന്നാണ് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ അനിശ്ചിതകാല നിരാഹാരമിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.