കാവൽക്കാരനെങ്കിൽ മോദിക്ക് തൊപ്പിയും വിസിലും നൽകാം -അക്ബറുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനൊപ്പം ‘ചൗക്കിദാർ’ എന്ന് ചേർത്തതിനെ വിമർശിച്ച് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അക്ബറുദ്ദീൻ ഉവൈസി എം.എൽ.എ. കാവൽക്കാരനാണെങ്കിൽ മോദിക്ക് തൊപ്പിയും വിസില ും നൽകാമെന്ന് അക്ബറുദ്ദീൻ ഉവൈസി പറഞ്ഞു. സഹോദരനും പാർട്ടി അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയുടെ തെരഞ്ഞെടുപ്പ് പ്രച ാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ളവർ ഇപ്പോൾ ‘ചൗക്കിദാർ’മാരാണ്. എന്നാൽ, ട്വിറ്ററിൽ മാത്രമാണ് ഇവർ പേരിനൊപ്പം ചൗക്കിദാർ എന്ന് ചേർത്തത്. അങ്ങനെയെങ്കിൽ ആധാർ കാർഡിലും വോട്ടർ ഐ.ഡിയിലും പാസ്പോർട്ടിലും പേര് മാറ്റുന്നതാണ് നല്ലത്. ആദ്യം ചായ് വാല, പിന്നെ പക്കോടവാല, പിന്നെ ചൗക്കിദാർ, മോദിയെ പിന്തുടരുന്നവരെ ഒാർത്ത് ആശ്ചര്യപ്പെടുന്നു.
ചില സമയത്ത് മോദി ചായ കച്ചവടക്കാരനാണ്, ചിലപ്പോൾ ദരിദ്രൻ, ഇപ്പോൾ കാവൽക്കാരൻ. ചായ കച്ചവടക്കാരനാണെങ്കിൽ മോദിക്ക് കെറ്റിലും ഗ്ലാസും വാങ്ങി തരാമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ കാവൽക്കാരൻ ആയതിനാൽ തൊപ്പിയും വിസിലും നൽകാമെന്നും അക്ബറുദ്ദീൻ ഉവൈസി പറഞ്ഞു.
നേരത്തെ, മോദിയുടെ ചൗക്കിദാർ, ചായ് വാല പരാമർശങ്ങൾക്കെതിരെ അസദുദ്ദീൻ ഉവൈസി രംഗത്തു വന്നിരുന്നു.
മോദിയുടെ ‘ചൗക്കിദാർ’ പരാമർശത്തിനെതിരെ ‘ചൗക്കിദാർ ചോർ ഹെ’ (കാവൽക്കാരൻ കള്ളനാണ്) എന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാജ്യത്ത് വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. റഫാൽ ഇടപാടിൽ അനിൽ അംബാനിക്ക് 30,000 കോടി കൈവശപ്പെടുത്താൻ കൂട്ടുനിന്ന കാവൽക്കാരൻ കള്ളനാണെന്നാണ് രാഹുൽ ആരോപിച്ചത്.
ഇതിനെ പ്രതിരോധിക്കാനാണ് അനുയായികളെ ഒപ്പംകൂട്ടി ‘മേം ഭീ ചൗക്കിദാർ’ (ഞാനും കാവൽക്കാരൻ) മോദി ശ്രമിച്ചത്. ഇതിനായി മോദി തന്‍റെ ട്വിറ്റർ നാമം ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നു മാറ്റി. നിരവധി മന്ത്രിമാരും പാർട്ടി അണികളും ഇങ്ങനെ പേരിനൊപ്പം ‘കാവൽക്കാരൻ’ ചേർത്ത് നേതാവിനൊപ്പം അണിനിരക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.