ക്രിസ്ത്യൻ മിഷേലിനെ തുടർച്ചയായി ചോദ്യം ചെയ്തു; ഉറങ്ങിയത് രണ്ടു മണിക്കൂർ മാത്രം
text_fieldsന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരനായ ക്രി സ്ത്യൻ മിഷേലിന് സി.ബി.െഎയുടെ മാരത്തൺ ചോദ്യംചെയ്യൽ. കസ്റ്റഡിയിൽ വിട്ടുകിട്ടിയ മിഷേലിനെ ബുധനാഴ്ച രാത്രി സി.ബി.െഎ ഉറങ്ങാൻ വിട്ടത് രണ്ടു മണിക്കൂർ മാത്രം. അതേസമയം, ഇന്ത്യയിൽ ആർക്കൊക്കെ കോഴ നൽകിയെന്ന് അറിയാനുള്ള സി.ബി.െഎയുടെ ചോദ്യംചെയ്യലിൽനിന്ന് വഴുതിമാറുകയാണ് മിഷേൽ. വ്യാഴാഴ്ച പുലർച്ചെ നാലു മണിക്കാണ് 57കാരനായ മിഷേലിനെ സി.ബി.െഎ ഉറങ്ങാൻ വിട്ടത്.
ആറു മണിക്ക് വീണ്ടും ചോദ്യംചെയ്യൽ ആരംഭിച്ചു. സി.ബി.െഎ ആസ്ഥാനത്ത് എത്തിയ മിഷേലിന് പരിഭ്രാന്തി കയറിയതിനെ തുടർന്ന് ഒരു ഘട്ടത്തിൽ ഡോക്ടറെ വിളിച്ചുവരുത്തി. കോഴ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് മിഷേൽ പ്രത്യേകാന്വേഷണസംഘത്തോട് പറയുന്നത്. കോഴ നൽകിയെന്ന ഡയറിക്കുറിപ്പുകൾ മിഷേൽ ശരിവെച്ചിട്ടില്ല.
കുറിപ്പ് എഴുതിയത് താനല്ല, മറ്റൊരു ഇടനിലക്കാരനായ ഗൈേഡാ ഹസ്ച്കെയാണെന്നും മിഷേൽ വാദിച്ചു. നെഹ്റു കുടുംബത്തിന് കോഴ നൽകിയിട്ടുണ്ടെന്ന സൂചന കുറിപ്പിലുണ്ടെന്ന സംശയമാണ് നിലനിൽക്കുന്നത്. ഡയറിക്കുറിപ്പുകളിൽ പേരുകൾ സൂചിപ്പിക്കുന്ന ചുരുക്കെഴുത്തുണ്ട്. അതേസമയം, മിഷേലിനുമേൽ കോൺഗ്രസിെൻറ പൂർണ നിരീക്ഷണമുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.
കോൺഗ്രസ് പുറത്താക്കിയ മലയാളി അഭിഭാഷകൻ അൽജോ കെ. ജോസഫ് മാത്രമല്ല, മിഷേലിെൻറ മറ്റു രണ്ട് അഭിഭാഷകർക്കും കോൺഗ്രസ് ബന്ധമുണ്ടെന്ന് പാർട്ടി വക്താവ് സാംബിത് മഹാപാത്ര ആരോപിച്ചു. അൽജോയെ പുറത്താക്കിയത് കണ്ണിൽപൊടിയിടാനാണ്. പുറത്താക്കിയെന്നല്ലാതെ അൽജോ ഇപ്പോഴും മിഷേലിെൻറ അഭിഭാഷകനായി തുടരുകയാണ്.
ഇതുവഴി കോൺഗ്രസിെൻറ മിഷേൽ നിരീക്ഷണം തുടരുന്നു. ഇറ്റാലിയൻ കമ്പനി ഫിൻമെക്കാനികയുമായി മിഷേലിനുള്ള ബന്ധം, ബോഫോഴ്സ് കേസിലെ ഇടനിലക്കാരനായ ക്വത്റോച്ചിയുടെ ഇറ്റാലിയൻ ബന്ധം, സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ പൗരത്വം എന്നിവയെല്ലാം ചേർത്തുവായിക്കണമെന്ന കാഴ്ചപ്പാടും ബി.ജെ.പി വക്താവ് പ്രകടിപ്പിച്ചു.
മിഷേലിനെ കാണാൻ അനുവദിക്കണമെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞർ
ന്യൂഡൽഹി: സി.ബി.െഎ കസ്റ്റഡിയിലുള്ള അഗസ്റ്റ വെസ്റ്റ്ലൻഡ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ കാണാൻ അനുവദിക്കണമെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയിലുള്ള ബ്രിട്ടീഷ് നയതന്ത്രജ്ഞർ ഇതുസംബന്ധിച്ച് സമീപിച്ചതായും എന്നാൽ മറുപടി ഇതുവരെ നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
യു.എ.ഇയിൽ നേരത്തേ അറസ്റ്റിലായ മിഷേലിനെ ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യയിൽ എത്തിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന മിഷേലിെൻറ ആവശ്യം തള്ളിയ ഡൽഹി പാട്യാല ഹൗസ് കോടതി ചോദ്യം ചെയ്യുന്നതിനുവേണ്ടി അഞ്ചുദിവസത്തേക്ക് സി.ബി.െഎക്ക് വിട്ടുകൊടുത്തു. മിഷേലിനുവേണ്ടി പാട്യാല ഹൗസ് കോടതിയിൽ ഹാജരായ അഭിഭാഷകൻ മലയാളിയായ യൂത്ത് കോൺഗ്രസ് നേതാവ് അൽജോ കെ. ജോസഫിെന പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.