ക്രിസ്ത്യൻ മിഷനറിമാർ സജീവമാകുന്നുണ്ട്, ഇത് ഉടൻ അവസാനിപ്പിക്കും -ഛത്തീസ്ഗഡ് ബി.ജെ.പി മുഖ്യമന്ത്രി
text_fieldsറായ്പൂർ: ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറവിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. തന്റെ സർക്കാർ ഇത് തടയുമെന്നും ബി.ജെ.പി നേതാവ് കൂടിയായ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
‘ക്രിസ്ത്യൻ മിഷനറിമാർ ഛത്തീസ്ഗഡിൽ വളരെ സജീവമാകുന്നുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ അവർ ആധിപത്യം പുലർത്തുന്നു. മതപരിവർത്തനവും വർധിക്കുന്നുണ്ട്. ഇതെല്ലാം ഉടൻ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി പ്രാപിക്കുകയും ചെയ്യും’ -മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.
2006 മുതൽ 2010 വരെയും 2014ൽ ജനുവരി മുതൽ ആഗസ്റ്റ് വരെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു വിഷ്ണുദേവ് സായി. 2020ൽ വീണ്ടും പാർട്ടി പ്രസിഡന്റായി. 2022 വരെ ഈ പദവിയിൽ തുടർന്നു. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ‘ഗാരന്റികൾ’ നടപ്പാക്കുമെന്ന് ബി.ജെ.പി നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെ വിഷ്ണുദേവ് സായി പറഞ്ഞിരുന്നു. തന്നിൽ വിശ്വാസമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിങ് ചെയർപേഴ്‌സൺ സുശീൽ ആനന്ദ് ശുക്ല രംഗത്തെത്തി. കോൺഗ്രസ് ഭരണകാലത്തും മുൻ ബി.ജെ.പി സർക്കാരുകളുടെ കാലത്തും നിർമ്മിച്ച ചർച്ചുകളുടെ എണ്ണത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ അദ്ദേഹം ബി.ജെ.പി സർക്കാരിനെ വെല്ലുവിളിച്ചു. കോൺഗ്രസ് ഭരണകാലത്ത് പുതുതായി ഒരു പള്ളിപോലും പണിതിട്ടില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അനാവശ്യമായി മതപരിവർത്തനം ഉയർത്തിക്കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.