Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ ക്രിസ്ത്യൻ...

ഗോവയിൽ ക്രിസ്ത്യൻ എം.എൽ.എമാർ ബി.ജെ.പി വിടുന്നു; വെല്ലുവിളി നേരിട്ട് കാവി ക്യാമ്പ്

text_fields
bookmark_border
ഗോവയിൽ ക്രിസ്ത്യൻ എം.എൽ.എമാർ ബി.ജെ.പി വിടുന്നു; വെല്ലുവിളി നേരിട്ട് കാവി ക്യാമ്പ്
cancel

പനജി: അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ക്രിസ്ത്യൻ എം.എൽ.എമാർ അടക്കമുള്ളവർ പാർട്ടി വിടുന്നത് ബി.ജെ.പി ക്യാമ്പിൽ അസ്വസ്ഥത പടർത്തുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഉത്തർപ്രദേശിലും സമാന പ്രതിസന്ധി നേരിടുകയാണ് ബി.ജെ.പി. യു.പിയിൽ ഒരു മന്ത്രിയും മൂന്ന് എം.എൽ.എമാരുമാണ് പാർട്ടിയിൽനിന്ന് രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നത്. ഇതേ സമയം തന്നെ ഗോവയിലും ഒരു മന്ത്രിയും എം.എൽ.എയും പാർട്ടി വിട്ടു. ഗോവയിൽ പാർട്ടി വിടുന്നതിലധികവും ക്രിസ്ത്യൻ എം.എൽ.എമാരാണെന്നും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

യു.പിയിൽ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ, എം.എൽ.എമാരായ റോഷൻ ലാൽ വർമ, പ്രജാപതി, ഭാഗവതി സാഗർ എന്നിവരാണ് രാജിവെച്ചത്. ഗോവയിൽ ശാസ്ത്ര സാങ്കേതിക മന്ത്രിയും കലാൻഗ്യൂട്ട് എം.എൽ.എയുമായ മൈക്കൽ ലോബോ, മായേം എം.എൽ.എ പ്രവീൺ സാന്‍റ്യ എന്നിവരാണ് പാർട്ടി വിട്ടത്. മൈക്കൽ ലോബോയെ പോലെ ക്രിസ്ത്യൻ മേഖലകളിൽ നിർണായക സ്വാധീനമുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ജെ.പി നേതൃത്വത്തിന് വൻ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്.

കഴിഞ്ഞ മാസം കാര്‍ട്ടോലിം എം.എല്‍.എ അലീന സല്‍ദാന ബി.ജെ.പി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. ഒരാഴ്ച തികയും മുമ്പ് വാസ്‌കോയില്‍ നിന്നുള്ള മറ്റൊരു ക്രിസ്ത്യന്‍ എം.എല്‍.എ കാര്‍ലോസ് അല്‍മേഡ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെലിം എം.എല്‍.എയും മന്ത്രിയുമായ ഫിലിപ്പ് നേരി റോഡ്രിഗസ്, നുവെം എം.എല്‍.എ വില്‍ഫ്രെ ഡിസൂസ എന്നിവരും ഉടന്‍ ബി.ജെ.പി വിടുമെന്നാണ് സൂചന.

ബി.ജെ.പിയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഏത് പാർട്ടിക്കാകും ഗുണകരമാവുകയെന്ന് കാത്തിരുന്ന് കാണണം. മൈക്കൽ ലോബോയെ ചാക്കിടാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. വടക്കന്‍ ഗോവയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ലോബോ. അവിടെയുള്ള 5, 6 മണ്ഡലങ്ങളില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ട്. ബി.ജെ.പി സാധാരണക്കാരുടെ പാര്‍ട്ടിയല്ലാതായി മാറിയെന്ന് ആരോപിച്ചാണ് ലോബോ പ്രാഥമികാംഗത്വവും എം.എൽ.എ സ്ഥാനവും രാജിവെച്ചത്. സാധാരണ പ്രവര്‍ത്തകന് ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രാധാന്യമില്ലെന്നാണ് വോട്ടര്‍മാരും പരാതിപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ലോബോയെ ചാക്കിടുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ വടക്കന്‍ ഗോവയില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും. ടി.എം.സിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ലോബോയുമായി ചർച്ച നടത്തുന്നുണ്ട്.

ബി.ജെ.പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള വിമുഖതയാണ് ക്രിസ്ത്യൻ എം.എൽ.എമാരെ പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ക്രിസ്ത്യന്‍ ആധിപത്യമുള്ള മണ്ഡലങ്ങളില്‍ നിന്നാണ് ഈ എം.എല്‍.എമാര്‍ വരുന്നത്. അവിടെ ബി.ജെ.പിക്ക് വേരോട്ടം കുറവായതിനാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇവരുടെ ഭയം. കോണ്‍ഗ്രസ്, എ.എ.പി, ടി.എം.സി തുടങ്ങിയ പാര്‍ട്ടികളിൽ ഭാഗ്യം പരീക്ഷിക്കാനാണ് ഇവരുടെ നീക്കം.

ആശയപരമായ ഭിന്നതയല്ല, ഭാര്യ ദലീലയെ സിയോലിം നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനുള്ള ചരടുവലികൾ പരാജയപ്പെട്ടതാണ് ലോബോയെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. ദലീലക്ക് ടിക്കറ്റ് നൽകുന്നത് സംബന്ധിച്ച് കോൺഗ്രസ് ലോബോക്ക് ഉറപ്പൊന്നും നൽകിയിട്ടില്ല.

എം.എൽ.എ പ്രവീൺ സാന്‍റ്യ ബി.ജെ.പി വിട്ട് സുധീർ ധാവ്‌ലികറി​ന്‍റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടിയിൽ (എം.ജി.പി) അംഗത്വമെടുക്കുമെന്നാണ് അറിയുന്നത്. ഗോവയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഹരീഷ് പ്രഭു സാന്‍റ്യയുടെ മകനാണ് പ്രവീൺ. മുൻ ഗോവ വിദ്യാഭ്യാസ മന്ത്രിയും പാർലമെന്‍റ് അംഗവുമായിരുന്നു ഹരീഷ് പ്രഭു. മായേമിലെ എം.എൽ.എയായിരുന്ന പ്രവീൺ നേരത്തെ കോൺഗ്രസ് വിട്ടാണ് ബി.ജെ.പിയിലെത്തിയത്.

അതേസമയം, ഇവരുടെ കൂറുമാറ്റത്തിൽ പാർട്ടി തളരില്ലെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചത്. 'ഒരു വലിയ കുടുംബമാണ് ബി.ജെ.പി. മാതൃരാജ്യത്തെ സേവിക്കുന്നത് ഞങ്ങൾ തുടരും. ചില കൂറുമാറ്റങ്ങള്‍ അത്യാഗ്രഹത്തി​ന്‍റെയും വ്യക്തി താല്‍പ്പര്യങ്ങളുടെയും പേരിലാണ്. അതിനൊന്നും ഞങ്ങളുടെ സദ്ഭരണത്തി​ന്‍റെ അജണ്ടയെ തടയാന്‍ കഴിയില്ല' -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristianGoa MLAGoa BJP
News Summary - Christian MLAs leave BJP in Goa
Next Story