ഡൽഹിയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യൻ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം. ഡൽഹി എൻ.സി.ആർ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ജന്തർമന്തറിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആക്രമണങ്ങൾ സംശയാസ്പദമായി വർധിച്ചു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ദേശീയ ന്യൂനപക്ഷ കമീഷനും പരാതികൾ നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല. വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും പൊലീസ് സേനയെയും ജില്ലതല ജുഡീഷ്യറിയെയും ബോധവത്കരിക്കണം.
മതപരിവർത്തന വിരുദ്ധ നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്റിൽ നിയമനിർമാണത്തിന് നടപടി സ്വീകരിക്കണം. മനുഷ്യാവകാശ കമീഷനുകളും ന്യൂനപക്ഷ കമീഷനുകളും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കാര്യക്ഷമമാകണം.
വിശ്വാസത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടവർക്കും ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ചവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.