ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കാൻ ശ്രമം; ഐ.എം.എക്കെതിരെ ആരോപണവുമായി രാംദേവിന്‍റെ അനുയായി
text_fieldsന്യൂഡൽഹി: അലോപ്പതി ചികിത്സക്കെതിരെ നടത്തിയ പ്രസ്താവനയെതുടർന്ന് ബാബാ രാംദേവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിൽ വാദപ്രതിവാദം തുടരുന്നതിനിടെ ഐ.എം.എക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി രാംദേവിന്റെ അടുത്ത അനുയായിയും പതഞ്ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്ണ.
'ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കി മാറ്റാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനായാണ് ബാബ രാംദേവിനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ഉണർന്നു പ്രതികരിച്ചില്ലെങ്കിൽ വരുംതലമുറ നിങ്ങൾക്ക് മാപ്പ് തരില്ല - ബാലകൃഷ്ണ ട്വീറ്റ് ചെയ്തു.
ഐ.എം.എ പ്രസിഡണ്ട് ഡോക്ടർ ജയലാൽ മെഡിക്കൽ വിദ്യാർഥികളെ ക്രിസ്ത്യാനികളാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വാദിക്കാനായി ഇദ്ദേഹം ഒരു സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്.
അതിനിടെ, ബാബാ രാംദേവിന്‍റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ രാംദേവിന്‍റെ പരാമർശത്തിൽ ഉത്തരാഖണ്ഡ് ഐ.എം.എയുടേതാണ് നടപടി. അലോപ്പതി ആളെക്കൊല്ലുന്ന ചികിത്സയാണെന്നായിരുന്നു രാംദേവിന്‍റെ പ്രസ്താവന.
1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഐ.എം.എ ഫയല്‍ ചെയ്തിരിക്കുന്നത്. രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തേയും ഡോക്ടർമാരെയും അപമാനിക്കുന്ന തരത്തിലാണ് രാംദേവ് സംസാരിച്ചതെന്ന് നോട്ടീസിൽ പറയുന്നു.
ആധുനിക വൈദ്യ ശാസ്ത്രത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. അല്ലെങ്കിൽ രേഖാമൂലം ഖേദപ്രകടനം നടത്തണമെന്ന് നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെടുന്നു.
ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കും. അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണം. ബാബ രാംദേവിന്‍റെ സ്ഥാപനം പുറത്തിറക്കിയ കൊറോണിൽ കിറ്റിന്‍റെ പരസ്യം പിൻവലിക്കണമെന്നും അല്ലെങ്കിൽ ഇതിനെതിരെ ഐ.എം.എ ക്രിമിനൽ കേസ് നൽകുമെന്നും നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.