ഞായറാഴ്ച ചർച്ചുകൾ തകർക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്; രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടൽ തേടി ബിഷപ്പുമാർ
text_fieldsഭോപാൽ: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വ ഹിന്ദുപരിഷത്തിെൻറ ഭീഷണി. ഗുജറാത്തിലെ ബറോഡയോട് അതിർത്തി പങ്കിടുന്ന ജാബുവയിലെ ചർച്ചുകൾ പൊളിക്കുമെന്ന് സംഘടന ഭീഷണിപ്പെടുത്തിയതായി കാണിച്ച് ബിഷപ് പോൾ മുനിയയുടെ നേതൃത്വത്തിലെ നിവേദക സംഘം ജില്ല കലക്ടറെ സമീപിച്ചു. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ അടിയന്തരമായി ഇടപെടണമെന്നഭ്യർഥിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി, ഗവർണർ എന്നിവർക്കും സംഘം നിവേദനമയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നേരത്തെയും ക്രൈസ്തവ സമൂഹത്തിനെതിരെ നിരവധി ഹിന്ദുത്വ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിലെ എല്ലാ ചർച്ചുകളും അടച്ചുപൂട്ടണമെന്ന് ആസാദ് പ്രേംസിങ് എന്ന വി.എച്ച്.പി നേതാവ് ഈ വർഷം ആദ്യത്തിൽ ആവശ്യമുയർത്തിയിരുന്നു. ഇതുസംബന്ധിച്ച് പൊലീസിലും റവന്യൂ വകുപ്പിലും പരാതി നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
പകരം റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ക്രൈസ്തവ പുരോഹിതന്മാരോട് തെൻറ മുന്നിൽ ഹാജരായി പ്രവർത്തന രീതി വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. എങ്ങനെയാണ് പുരോഹിത നിയമനെമന്ന് വ്യക്തമാക്കണമെന്നും പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ അല്ല ക്രൈസ്തവരായതെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ, വിവരങ്ങൾ തെറ്റെന്ന് കണ്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
പത്തു ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ നാലു ശതമാനം മാത്രം വരുന്ന ക്രൈസ്തവർക്കെതിരായ ഹിന്ദുത്വ നീക്കങ്ങളിൽ ഭരണകൂടം അക്രമികൾക്കൊപ്പം നിൽക്കുകയാണെന്ന് ബിഷപ് മുനിയ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചുകൾ അനധികൃതമായാണ് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയാൽ അധികൃതർക്ക് നടപടിയെടുക്കാമെന്നിരിക്കെ സ്വകാര്യ വ്യക്തികളെയും സംഘടനകളെയും അഴിഞ്ഞാടാൻ വിടുന്നത് അതിക്രമത്തിന് കൂട്ടുനിൽക്കലാണ്.
വി.എച്ച്.പി അക്രമവും ഭീഷണിയും അഴിച്ചുവിടുേമ്പാൾ മതംമാറ്റം തടയൽ നിയമത്തിെൻറ മറപറ്റി ക്രൈസ്തവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് അധികൃതർ. പൊലീസും റവന്യൂവകുപ്പും സമുദായത്തോട് മുൻവിധിയോടെയാണ് പെരുമാറുന്നതെന്ന് ഭോപാൽ കാത്തലിക് അതിരൂപത പി.ആർ.ഒ ഫാദർ മറിയ സ്റ്റീഫൻ പറഞ്ഞു.
അതിക്രമങ്ങൾ തടയാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്ന് ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ അംഗവും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ദേശീയ കോഓഡിനേറ്ററുമായ ഡോ. മൈക്കൽ വില്യംസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.