ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്; രാഹുലിനെ ബി.ജെ.പി വേട്ടയാടുന്നത് ജനങ്ങൾക്കായ് ശബ്ദമുയർത്തിയതിന്
text_fieldsന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനുപിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ഇലക്ഷൻ മാനേജ്മെന്‍റ് ഡിപ്പാർട്ട്മെന്‍റുകളാക്കി മാറ്റിയെന്നും രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ 5000 കേസുകൾ രജിസ്റ്റർ ചെയ്തുവെ ന്നും കോൺഗ്രസ് ആരോപിച്ചു.
'ക്രമം മനസിലാക്കൂ'- ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിനാണ് രാഹുൽ ഗാന്ധിയെ ബി.ജെ.പി ആക്രമിക്കുന്നത്- കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു. നേരത്തെ പെഗാസസ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 'ക്രമം മനസിലാക്കൂ' എന്ന പരാമർശം നടത്തിയിരുന്നു.
ബി.ജെ.പി മാധ്യമങ്ങളെയും വാട്സ്ആപ്പ് സർവകലാശാലകളെയും കള്ളം പ്രചരിപ്പിക്കാനും പ്രതിപക്ഷത്തെ ആക്രമിക്കാനും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ് കടന്നുകയറ്റം, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, പകർച്ചവ്യാധി കൈകാര്യം ചെയ്യൽ, ലോക്ഡൗൺ കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ, കർഷകരുടെ പ്രതിഷേധങ്ങൾ, രാജ്യത്ത് ബി.ജെ.പി സൃഷ്ടിക്കുന്ന വർഗീയ അശാന്തി എന്നീവിഷയങ്ങളിൽ രാഹുൽ ഗാന്ധി കേന്ദ്രത്തോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചു. സർക്കാർ രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിക്കെതിരെ തിരിയുമ്പോൾ കേന്ദ്രസർക്കാർ ഇ.ഡിയെ തന്ത്രപരമായി വിന്യസിക്കുകയാണെന്നും നേതാക്കൾ പക്ഷം മാറി ഭരണകക്ഷിയിൽ ചേരുമ്പോൾ കേസ് പിൻവലിക്കുകയാണെന്നും സുർജെവാല ആരോപിച്ചു.
അതേസമയം ദില്ലിയിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. നേതാക്കളായ ജെ.ബി മേത്തർ, കെ.സി വേണുഗോപാലടക്കം നിരവധി കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.