സഭാസ്തംഭനം തുടരുന്നു; പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു ചർച്ചയില്ലാതെ രാജ്യസഭയിൽ ബിൽ പാസാക്കി
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തിക്കും കാർഷിക നിയമങ്ങൾക്കുമെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം ചൊവ്വാഴ്ചയും പാർലമെൻറ് സ്തംഭിപ്പിച്ചു. നിരവധി തവണ നിർത്തിവെച്ച ഇരുസഭകളും പുനരാരംഭിക്കാൻ വൈകുന്നേരം വരെ പ്രതിപക്ഷം അനുവദിക്കാത്തതിനെ തുടർന്ന് ബുധനാഴ്ചത്തേക്ക് പാർലമെൻറ് പിരിഞ്ഞു. പെഗസസ് ചാരവൃത്തിയും കാർഷിക നിയമങ്ങളും ചർച്ച ചെയ്യാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യെപ്പട്ട് ഏഴ് പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച വൈകീട്ട് രാഷ്്്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു.
രാജ്യസഭയിൽ അധ്യക്ഷൻ വെങ്കയ്യ നായിഡു പാർലമെൻററി സഹമന്ത്രി വി. മുരളീധരനെ, വിളിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് കുതിച്ചു. രാജ്യസഭാ കാമറക്ക് മുന്നിൽ ''ബിഗ് ബ്രദർ നിരീക്ഷിക്കുന്നു'' ''ചാരവൃത്തി അവസാനിപ്പിക്കുക'' എന്നീ പ്ലക്കാഡുകളുയർത്തി രാജ്യസഭ ഉപാധ്യക്ഷെൻറയും മന്ത്രിമാരുടെയും സംസാരം ഇവർ തടസ്സപ്പെടുത്തി. പ്രതിപക്ഷവുമായി സർക്കാർ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ചർച്ച നടത്തിയെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ ഒരുക്കമാണെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാമെന്ന് അറിയിച്ചതാണെന്നും ബഹളത്തിനിടയിൽ രാജ്യസഭയിലെ ബി.ജെ.പി ഉപനേതാവായ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. ചർച്ചക്ക് നോട്ടീസ് നൽകുകയാണ് പ്രതിപക്ഷം വേണ്ടതെന്നും ഏത് ചട്ടപ്രകാരം എപ്പോൾ ചർച്ച അനുവദിക്കാമെന്ന് ചെയർമാനും സ്പീക്കറുമാണ് തീരുമാനിക്കേണ്ടതെന്നും നഖ്വി വ്യക്തമാക്കി. ഇതിനിടയിൽ മൂന്ന് മണിക്ക് ചർച്ച നടത്താതെ നാവിഗേഷൻ ബിൽ രാജ്യസഭ പാസാക്കി. എളമരം കരീം അടക്കമുള്ള എം.പിമാർ ഇതിൽ പ്രതിഷേധിച്ചു.
രാജ്യസഭയിലേതുപോലെ ചൊവ്വാഴ്ച ലോക്സഭയിലും തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പ്ലക്കാഡുകളുമായാണ് നടുത്തളത്തിലേക്ക് ഇറങ്ങിയത്. പെഗസസ് ചാരവൃത്തിയിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന് തൃണമുൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ കക്ഷികളും മുദ്രാവാക്യം തുടരുന്നതിനിടയിൽ സ്പീക്കർ ഒാം ബിർള 25 മിനിറ്റ് ചോദ്യോത്തര വേളയുമായി മുന്നോട്ടുപോയെങ്കിലും ശബ്ദമുയർന്നതോടെ അദ്ദേഹത്തിന് സഭ നിർത്തേണ്ടിവന്നു. സഭയുടെ അന്തസ്സിടിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിേൻറതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കുറ്റപ്പെടുത്തി.
കർഷകരുടെ കാര്യത്തിൽ പ്രതിപക്ഷത്തിന് വേദനയുണ്ടെങ്കിൽ ഗ്രാമീണ, കാർഷികമേഖലയുമായി ബന്ധെപ്പട്ട 15 ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അനുവദിക്കുമായിരുന്നുവെന്നും തോമർ പറഞ്ഞു. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാവിലെ ശിരോമണി അകാലിദൾ എം.പിമാർ പാർലമെൻറിന് മുന്നിൽ ധർണ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.