ഡൽഹിയിൽ ക്രിസ്ത്യൻ ചർച്ച് പൊളിച്ചു നീക്കി; നടപടിക്കെതിരെ വിശ്വാസികൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ലാഡോ സരായ്-അന്ദേരിയ മോർ ലിറ്റിൽ ഫ്ലവർ സീറോ മലബാർ ചർച്ച് പൊളിച്ചുനീക്കി. സൗത്ത് ഡൽഹി ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസറുടെ നേതൃത്വത്തിലാണ് അധികൃതർ പൊളിച്ചുമാറ്റിയത്. ഗ്രാമസഭയുടെ സ്ഥലത്ത് അനധികൃതമായി നിർമിച്ചുവെന്നാണ് നടപടിക്ക് കാരണമായി പറയുന്നത്. എന്നാൽ, സ്ഥലം സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും ഒഴിപ്പിക്കൽ പാടില്ലെന്ന് ഹൈകോടതി ഉത്തരവുണ്ടെന്നും ചർച്ചുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 10ന് മൂന്ന് മണ്ണുമാന്തിയുമായെത്തിയ ഉദ്യോഗസ്ഥ-പൊലീസ് സംഘം മുന്നറിയിപ്പൊന്നും നൽകാതെ നടപടികൾ ആരംഭിക്കുകയായിരുന്നെന്ന് ഇടവകയിലുള്ളവർ പറഞ്ഞു. അനുബന്ധ കെട്ടിടം പൊളിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും പിന്നീട് പള്ളിയുടെ പ്രധാന ഭാഗങ്ങളും ഇടിച്ചുനീക്കിയെന്നും അവർ വ്യക്തമാക്കി. ചർച്ചിന്‍റെ ഒന്നാംനില പൂർണമായും താഴത്തെ നിലയുടെ ഒരുഭാഗവുമാണ് പൊളിച്ചത്. ഗ്രാമസഭ ഭൂമി കൈയേറി നിർമിച്ച ഭാഗമാണ് പൊളിച്ചതെന്ന് ദക്ഷിണ ഡൽഹി ജില്ല മജിസ്‌ട്രേറ്റ് അങ്കിത ചക്രവർത്തി പറഞ്ഞു.
എന്നാൽ, പള്ളി പൊളിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നതായി ഇടവക വികാരി ഫാ. ജോസ് പറഞ്ഞു: ''കഴിഞ്ഞ 14 വർഷമായി പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. ഡോ. അംബേദ്കർ കോളനിയിലെ 460 കുടുംബങ്ങളുടെ പ്രാർഥനാലയമാണിത്. അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഷെഡ് മാത്രം പൊളിക്കുമെന്നാണ് അറിയിച്ചത്. ചർച്ച് പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ല'' -അദ്ദേഹം വ്യക്തമാക്കി.
2015 ലെ ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് ജില്ല മജിസ്‌ട്രേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ചർച്ച് അധികൃതർ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എൻഎച്ച്ആർസി) സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയ ശേഷമാണ് നടപടി കൈക്കൊണ്ടതെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.