സഭാ തർക്കം: ചീഫ് സെക്രട്ടറി ഒപ്പിടാത്ത റിപ്പോർട്ട് സുപ്രീംകോടതി മടക്കി
text_fieldsന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കത്തിൽ ഒപ്പും സത്യവാങ്മൂലവുമില്ലാതെ കേരള ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി മടക്കി. സത്യവാങ്മൂലത്തോടൊപ്പം ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ സമയം നൽകി കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് രാമസുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ച് നാലാഴ്ചത്തേക്ക് മാറ്റി. സഭാ തർക്കത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരായ ഓർത്തഡോക്സ് വിഭാഗത്തിന്റെ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ചീഫ് സെക്രട്ടറിക്കുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ഷൊങ്കറാണ് റിപ്പോർട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി ഒപ്പിടാത്ത രേഖ സുപ്രീംകോടതി ഫയലിൽ സ്വീകരിക്കരുതെന്ന് ഓർത്തഡോക്സ് വിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകരായ അഡ്വ. സി.യു. സിങ്ങും അഡ്വ. സദ്റുൽ അനാമും ആവശ്യപ്പെട്ടു.
പൊതുതാൽപര്യം കണക്കിലെടുത്ത് സഭാതര്‍ക്കം പരിഹരിക്കാനും ഇരുവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാനും കേരള ഹൈകോടതി പറഞ്ഞിട്ടുണ്ടെന്ന്, കേരളത്തിന്റെ സ്റ്റാൻഡിങ് കോൺസൽ അഡ്വ. നിഷെ രാജൻ ഷൊങ്കർ മുഖേന സമർപ്പിച്ച റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി ബോധിപ്പിച്ചിരുന്നു. എന്നാൽ, കോടതി വാക്കാല്‍ പറഞ്ഞ നിരീക്ഷണങ്ങളാണ് ഇതെന്നും സമർപ്പിച്ച റിപ്പോർട്ടിനൊപ്പം ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലമില്ലെന്നും അഭിഭാഷകരായ സിങ്ങും അനാമും വാദിച്ചു. ഒരു പേജിൽപോലും ചീഫ് സെക്രട്ടറിയുടെ ഒപ്പില്ലെന്നും അതിനാൽ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും ഇരുവരും ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.