ഭിന്നശേഷിക്കാരായ മക്കളെ ചികിത്സിക്കാൻ സ്ഥലവും വീടും വിറ്റ ഹിന്ദു ഗ്രാമീണനെ സഹായിക്കാൻ കൈകോർത്ത് മുസ്‍ലിം സഹോദരങ്ങൾ
text_fieldsജയ്പൂർ: മതസാഹോദര്യത്തിന് പുകൾപെറ്റതാണ് രാജസ്ഥാനിലെ ചുരു എന്ന നഗരം. മനുഷ്യത്വമെന്ന മതമാണ് ഇവിടെ പ്രബലമായിട്ടുള്ളത്. ഈ പ്രദേശത്ത് താമസിക്കുന്ന സൻവാർമൽ ശർമക്ക് ഭിന്നശേഷിക്കാരായ മൂന്നു മക്കളാണുള്ളത്. അവരെ ചികിത്സിക്കാനായി അദ്ദേഹം തന്റെ ഭൂമി വിറ്റു. വിഷമം പിടിച്ച ഈ സമയത്ത് അയവാസികൾ മാലാഖമാരെ പോലെ ഒറ്റക്കെട്ടായി സൻവാർമൽ ശർമക്കൊപ്പം നിന്നു. ആ കഥയാണ് പറയാൻ പോകുന്നത്.
രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമടക്കം മൂന്നു മക്കളാണ് സൻവാർമൽ ശർമക്കും ഭാര്യ സരളക്കും. ചുരുവിലെ 58ാം വാർഡിലാണ് കുടുംബം താമസിച്ചിരുന്നത്. പൈതൃകമായി ലഭിച്ച ഭൂമിയും വീടും മക്കളുടെ ചികിത്സക്കായി ശർമ വിറ്റു. എന്നിട്ടും അവരിൽ ഒരുമാറ്റവുമുണ്ടായില്ല. അന്തിയുറങ്ങാനും ഇടമില്ലാതായി. ഗ്രാമത്തിലെ 42ാം വാർഡിൽ താമസിക്കുന്ന മുസ്‍ലിംകൾ ശർമയുടെ ദയനീവസ്ഥയെ കുറിച്ച് കേട്ടു. അദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കാൻ അവർ മുന്നിട്ടിറങ്ങിയപ്പോൾ അത് ലോകത്തിനു തന്നെ മാതൃകയായി. എല്ലാവരും ചേർന്ന് 300 ചതുരശ്ര അടി ഭൂമി നൽകി. ആദ്യം അവർക്ക് താമസിക്കാൻ ആ ഭൂമിയിൽ ഒറ്റമുറി വീട് പണിതു. ഇപ്പോൾ ആ വീട് വലുതാക്കാനുള്ള ഒരുക്കത്തിലാണ് ആ സംഘം.
ഇശാഖ് ഖാന്റെ കുടുംബമാണ് ശർമക്ക് സഹായവുമായി ആദ്യം എത്തിയത്. അദ്ദേഹത്തിന്റെ മകൻ ലത്തീഫ് ഖാൻ പൈതൃകമായി ലഭിച്ച ഭൂമിയിൽ നിന്ന് 300 ചതുരശ്ര അടി ശർമക്ക് സൗജന്യമായി കൊടുത്തു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സമാഹരിച്ച 80,000 രൂപയും ശർമക്കും കുടുംബത്തിനും നൽകി. ആ തുകയുപയോഗിച്ചാണ് ഒറ്റമുറി വീട് പണിതത്. വിജയ്(18),പൂജ(17),ആരതി(14)എന്നിവരാണ് ശർമയുടെ മക്കൾ. പൂർണമായി തങ്ങളെ ആശ്രയിച്ചു കഴിയുന്നവരായതിനാൽ മക്കളെ ഒറ്റക്കു വിട്ട് എങ്ങും പോകാനാവില്ലെന്ന് കുടുംബം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.