രാജീവ് വധം സി.ഐ.എ പ്രവചിച്ചു, 1986ല്‍
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അമേരിക്കന്‍ ചാരസംഘടന സി.ഐ.എ 1986ല്‍തന്നെ പ്രവചിച്ചു.
രാജീവ് വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലുണ്ടാവുന്ന മാറ്റത്തെക്കുറിച്ചും യു.എസ് സര്‍ക്കാറിനെ സംഘടന അറിയിച്ചിരുന്നതായി അടുത്തിടെ സി.ഐ.എ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരില്‍വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
‘ഇന്ത്യ രാജീവിനുശേഷം...’ എന്ന തലക്കെട്ടില്‍ 23 പേജ് വരുന്ന റിപ്പോര്‍ട്ടാണ് 1986 മാര്‍ച്ചില്‍ സി.ഐ.എ തയാറാക്കിയത്. 1989ല്‍ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജീവ് കൊല്ലപ്പെടാന്‍ ചുരുങ്ങിയത് രണ്ട് സാഹചര്യങ്ങളെങ്കിലും കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രധാന തീരുമാനങ്ങള്‍ എന്ന ആദ്യഭാഗത്ത് രാജീവിന്‍െറ അഭാവം ആഭ്യന്തര, ആഗോള രാഷ്ട്രീയത്തിലുണ്ടാക്കാവുന്ന മാറ്റവും അത് യു.എസ്, സോവിയറ്റ് യൂനിയന്‍ എന്നിവയുമായി ഇന്ത്യയുടെ ബന്ധത്തിലുണ്ടാക്കാവുന്ന ആഘാതങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പി.വി. നരസിംഹ റാവുവോ വി.പി. സിങ്ങോ രാജീവിന്‍െറ പിന്‍ഗാമിയാവും. ഒന്നിലധികം വിഭാഗങ്ങളുടെ വധഭീഷണി രാജീവ് നേരിടുന്നുണ്ട്. കശ്മീര്‍, സിഖ് സംഘടനകളില്‍നിന്നാണ് രാജീവ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. എന്നാല്‍, സിഖ്, മുസ്ലിം സംഘടനകളാണ് രാജീവിനെ വധിക്കുന്നതെങ്കില്‍ രാജ്യവ്യാപക സാമുദായിക സംഘര്‍ഷം ഉടലെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
തമിഴ് സംഘടനകളില്‍നിന്ന് രാജീവ് ഭീഷണി നേരിട്ടിരുന്നതായി പുറത്തുവിട്ട പകര്‍പ്പില്‍നിന്ന് വ്യക്തമല്ല. എന്നാല്‍, ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നം പരിഹരിക്കാന്‍ രാജീവ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. കൊലപാതകം കൂടാതെ, രാജീവിന്‍െറ ഭരണം അവസാനിക്കാനുള്ള മറ്റുപല കാരണങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട്, രാജീവ് വധം യു.എസ്-ഇന്ത്യ ബന്ധത്തില്‍ കനത്ത നഷ്ടം വരുത്തിവെക്കുമെന്നും പറയുന്നു. യു.എസ് വിവരാവകാശ നിയമപ്രകാരം അടുത്തിടെയാണ് പലഭാഗങ്ങളും ഒഴിവാക്കി റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് പരസ്യമാക്കിയത്. പുറത്തുവിട്ട പകര്‍പ്പില്‍ തലക്കെട്ട് തന്നെയും പൂര്‍ണമായി നല്‍കിയിട്ടില്ല.
അതിനിടെ, ആണവ സാങ്കേതികവിദ്യ പാകിസ്താന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുമെന്ന യു.എസിന്‍െറ ആശങ്ക അസ്ഥാനത്താണെന്ന് കാണിച്ച് പാക് പ്രസിഡന്‍റായിരുന്ന സിയാഉല്‍ ഹഖ് യു.എസ് പ്രസിഡന്‍റായിരുന്ന റൊണാള്‍ഡ് റീഗണ് കത്തെഴുതിയിരുന്നതായി സി.ഐ.എ പുറത്തുവിട്ട രേഖകളില്‍ വ്യക്തമായി. പാകിസ്താന്‍ ആണവായുധങ്ങളും ആണവപദ്ധതികളും കൈവശം വെക്കുന്നില്ളെന്നും ആണവായുധങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഭാഗമാവുന്നത് പാകിസ്താന് അചിന്തനീയമാണെന്നും വ്യക്തമാക്കിയ സിയാഉല്‍ ഹഖ്, രാജ്യത്തിന്‍െറ ശത്രുക്കളാണ് മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് പറയുന്നു. യു.എസുമായുള്ള പാക് ബന്ധം തകര്‍ക്കാന്‍ പരസ്യവും രഹസ്യവുമായ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യയെ എടുത്തുപറയാതെ, 1982 ജൂലൈ അഞ്ചിന് എഴുതിയ രഹസ്യ കത്തില്‍ സിയാഉല്‍ ഹഖ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.