Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലും ഹവാന...

ഇന്ത്യയിലും ഹവാന സിൻഡ്രോം; വീണ്ടും വാർത്തകളിൽ നിറഞ്ഞ്​ അജ്ഞാത രോഗം

text_fields
bookmark_border
havana syndrome
cancel
camera_alt

representative image

ന്യൂഡൽഹി: സി.ഐ.എ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സി.ഐ.എ ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം സ്​ഥിരീകരിച്ചതോടെ അജ്ഞാത രോഗം വീണ്ടും വാർത്തകളിൽ നിറയുകയാണ്​. ബേൺസിനൊപ്പം ഡൽഹിയിലെത്തിയ ഉദ്യോഗസ്​ഥൻ​ ​ചികിത്സ തേടിയതായി​ സി.എൻ.എൻ റിപ്പോർട്ട്​ ചെയ്​തു​. നയതന്ത്ര ഉദ്യോഗസ്​ഥർക്കിടയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ അഞ്ച്​ വർഷമായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്​.

കഴിഞ്ഞ മാസം ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതോടെ വൈസ് പ്രസിഡന്‍റ്​ കമല ഹാരിസിന്‍റെ വിയറ്റ്​നാം സന്ദർശനം റദ്ദാക്കിയിരുന്നു. ഏറെ നാളായി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊന്നും ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 2016ല്‍ ക്യൂബയിലെ ഹവാനയിലുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഇതിന്‍റെ ലക്ഷണങ്ങൾ കണ്ടത്​. ക്യൂബക്ക്​ പുറമേ റഷ്യ, ചൈന, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദം

ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധികളിലും എംബസിയിലെ ഏതാനും ജീവനക്കാര്‍ക്കുമാണ് ഹവാന സിന്‍ഡ്രേത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്​. ഇതാണ്​ രോഗത്തിന് ഹവാന സിന്‍ഡ്രോം എന്ന പേര് വരാൻ കാരണം.

രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുമ്പ്​ അതിതീവ്രതയിലു​ള്ള ശബ്​ദം ചെവിയിൽ തുളച്ചുകയറുന്നതായി അനുഭവപ്പെ​ട്ടെന്ന്​ ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്​. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും ഉണ്ടായതായി അവർ സാക്ഷ്യപ്പെടുത്തി.

ഇവക്ക്​ പുറമേ ഛര്‍ദി, ശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മ പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ചില ഉദ്യോഗസ്​ഥർ പെട്ടന്ന്​ രോഗമുക്തി നേടി. എന്നാല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകൾ ഏറെനാളായി നീണ്ടുനിന്നു. രോഗലക്ഷണങ്ങള്‍ വിട്ടുപോകാതെയായതോടെ ജോലിയിൽ നിന്ന്​ വിരമിച്ചവരുമുണ്ട്​.

കാരണം ഇനിയും കണ്ടെത്താനായില്ല

ഹവാന സിന്‍ഡ്രം എന്താണെനും കാരണം ​കണ്ടെത്താനും പഠനങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും കൃത്യമായ ഉത്തരങ്ങൾ ലഭിച്ചില്ല. റഷ്യൻ ഇന്‍റലിജൻസ്​ ഏജൻസികളാണ്​ ആക്രമണത്തിന്​ പിന്നിലെന്ന വാദത്തിനാണ്​ മികച്ച പിന്തുണ ലഭിച്ചത്​.

മനുഷ്യരുടെ കേള്‍വിശക്തിയുടെ പരിധിക്ക് അപ്പുറമുള്ള ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന സോണിക് ഉപകരണങ്ങളോ എനര്‍ജി ബീമുകളോ ഉപയോഗിച്ച്​ നടത്തുന്ന രഹസ്യ ആക്രമണമാണ്​ ഇതെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ സോണിക് തരംഗങ്ങള്‍ക്ക് മനുഷ്യമസ്തിഷ്‌കത്തില്‍ തകരാൾ സൃഷ്​ടിക്കാൻ സാധിക്കില്ലെന്ന്​ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. ജോലിയുമായി ബന്ധപ്പെ​ട്ടോ അല്ലെങ്കിൽ വ്യക്തിജീവിതത്തിലേയോ സമ്മര്‍ദം മൂലമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളാവാം രോഗത്തിന്​ കാരണമാകുന്നതെന്നാണ്​ മനഃശാസ്ത്രജ്ഞരുടെ പക്ഷം.

പിന്നിൽ റഷ്യൻ ഏജൻസികളോ?

2020 ൽ നാഷനൽ അക്കാദമി ഓഫ് സയൻസസ് രോഗം സംബന്ധിച്ച്​ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരു. മൈക്രോവേവ് വികിരണമാണ്​ ഹവാന സിൻഡ്രോമിന്‍റെ കാരണമെന്നായിരുന്നു റിപ്പോർട്ട്​. വൈദ്യശാസ്ത്രത്തിലും മറ്റ് മേഖലകളിലുമുള്ള 19 വിദഗ്​ധരുടെ സമിതി 40 ഓളം അമേരിക്കൻ ഉദ്യോഗസ്​ഥരുടെ ലക്ഷണങ്ങൾ പരിശോധിച്ചാണ്​ നിഗമനത്തിൽ എത്തിയത്​. നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ്​ രോഗത്തിന്​ ഹവാന സിൻഡ്രം എന്നു പേരുവന്നിരുന്നത്​. ഇത്തവണ പക്ഷേ, ക്യൂബയെ മുനയിൽനിർത്തുന്നതിന്​ പകരം റഷ്യക്കെതിരെയാണ്​ ആരോപണം.

ശത്രുരാജ്യങ്ങൾ പദ്ധതിയിട്ട്​ തയാറാക്കി നടപ്പാക്കുന്ന രഹസ്യ ആക്രമണമാണ്​ ഹവാന സിൻഡ്രമെന്ന്​ അമേരിക്ക കരുതുന്നു. സോണാർ, ലേസർ അല്ലെങ്കിൽ മൈക്രോവേവ് രൂപത്തിലുള്ള ഊർജ്ജ ആയുധങ്ങളാണ് ഇവയെന്നാണ്​ വിശ്വസിക്കപ്പെടുന്നത്​.

റഷ്യക്കെതിരായ പ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങളിലെത്തുന്നു ഉദ്യോഗസ്ഥരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ്​ റഷ്യന്‍ ഗൂഢാലോചനയാണ് പിന്നിലെന്ന് സംശയം ശക്തമായത്​. റഷ്യക്ക്​ മാത്രമേ ഇത്തരത്തിൽ ഒരു ആയുധം ഉപയോഗിച്ച്​ തങ്ങളെ ആക്രമിക്കാൻ സാധിക്കുകയുള്ളൂവെന്നാണ്​ അമേരിക്ക കരുതുന്നത്​. അടുത്ത കാലത്തായി ചൈനയുടെ പേരും ഉയർന്ന്​ കേൾക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaciacubaHavana syndrome
News Summary - CIA officer reported symptoms First 'Havana syndrome' case reported in India
Next Story