പോക്സോ കേസിൽ ഹാജരാകാൻ യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടീസ്
text_fieldsബംഗളൂരു: പോക്സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടീസ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചിരുന്നു.
കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ തിങ്കളാഴ്ചയാണ് കർണാടക ഹൈകോടതിയിൽ റിട്ട് ഹരജി നൽകിയത്. അന്വേഷണം മന്ദഗതിയിലാണെന്നും കേസിന്റെ തൽസ്ഥിതി വിവരം അറിയിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അതേസമയം, ഡൽഹിയിലുള്ള യെദിയൂരപ്പ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണ സംഘത്തിനുമുമ്പാകെ ഹാജരാകാൻ ഒരാഴ്ച സമയം നീട്ടിനൽകണമെന്ന് തന്റെ അഭിഭാഷകർ മുഖേന യെദിയൂരപ്പ സി.ഐ.ഡിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ കേസിൽ ഇത് നാലാം തവണയാണ് അന്വേഷണ സംഘം യെദിയൂരപ്പക്ക് നോട്ടീസ് നൽകുന്നത്. നേരത്തെ മൂന്നുതവണ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു
ബംഗളൂരു: തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ കർണാടക ഹൈകോടതിയെ സമീപിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഐ.ഡി വിഭാഗം നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കേസിനെതിരെ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തത്.
17കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354 എ വകുപ്പു പ്രകാരവുമാണ് യെദിയൂരപ്പക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിക്കാരി പതിവായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നയാളാണെന്നും തന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും യെദിയൂരപ്പ ഹരജിയിൽ ചൂണ്ടിക്കാട്ടി. തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഏപ്രിൽ 12ന് താൻ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിരുന്നു. എന്നാൽ, തന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന് പകരം തന്റെ ശബ്ദ സാമ്പിൾ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും ഹരജിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.