ഉഡുപ്പി കോളജ് കേസ് അന്വേഷണം സർക്കാർ സി.ഐ.ഡിക്ക് കൈമാറി
text_fieldsമംഗളൂരു: ഉഡുപ്പി പാരാമെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ വെച്ച് സ്വകാര്യത പകർത്തി എന്ന കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സി.ഐ.ഡി) കൈമാറി തിങ്കളാഴ്ച സർക്കാർ ഉത്തരവിട്ടു. ചൊവ്വാഴ്ച സി.ഐ.ഡി സംഘം ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ടിനെ കണ്ട് നിലവിൽ അന്വേഷിക്കുന്ന കുന്താപുരം ഡിവൈ.എസ്.പി ബെള്ളിയപ്പയിൽ നിന്ന് കേസ് ഫയൽ ഏറ്റുവാങ്ങും.
പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) ഏല്പിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ബി.ജെ.പി എം.എൽ.എമാരും എം.എൽ.സിമാരും കഴിഞ്ഞ ദിവസം ഗവർണർ തവർ ചന്ദ് ഗെഹ്ലൊട്ടിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 18നാണ് ഉഡുപ്പി പാരാമെഡിക്കൽ കോളജിൽ വിവാദ സംഭവം നടന്നത്. ഇരയായ വിദ്യാർഥിനി ഉടുപ്പി ജില്ല കോടതിയിൽ ഹാജരായി രഹസ്യ മൊഴി നൽകിയിരുന്നു. ഇര സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോ കോളജ് അധികൃതർക്കോ വനിത കമ്മീഷനുകൾക്കോ പരാതി നൽകിയിട്ടില്ല. ഉഡുപ്പി പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണമാണ് സി.ഐ.ഡിക്ക് കൈമാറിയത്. പ്രതികളായ മൂന്ന് വിദ്യാർഥിനികളെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിൽ ബി.ജെ.പിയും ഘടകങ്ങളും പ്രക്ഷോഭത്തിലാണ്. ഒളികാമറ വെച്ചിട്ടില്ല എന്ന് കോളജ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുമായി ചർച്ച നടത്തുകയും ചെയ്ത ശേഷം ദേശീയ വനിത കമ്മീഷൻ അംഗവും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ പറഞ്ഞിരുന്നു. മൊബൈൽ ഫോൺ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ വിദഗ്ധ പരിശോധനയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.