Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫെബ്രുവരിയോടെ...

ഫെബ്രുവരിയോടെ രാജ്യത്ത് കൊറോണക്കാലം കഴിയുമോ? സംശയമെന്ന് വിദഗ്ധർ

text_fields
bookmark_border
ഫെബ്രുവരിയോടെ രാജ്യത്ത് കൊറോണക്കാലം കഴിയുമോ? സംശയമെന്ന് വിദഗ്ധർ
cancel
camera_alt

Image courtesy: BBC

ന്യൂഡൽഹി: 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന കേന്ദ്ര സമിതിയുടെ വിലയിരുത്തലിൽ സംശയം പ്രകടിപ്പിച്ച് വിദഗ്ധർ. ഇത്തരമൊരു നിഗമനത്തിലേക്കെത്താൻ സമിതി അവലംബിച്ച മാർഗങ്ങളിലും ഉപയോഗിച്ച സ്ഥിതിവിവര കണക്കുകളിലുമാണ് പലർക്കും അഭിപ്രായവ്യത്യാസമുള്ളത്.

കോവിഡ് വ്യാപനത്തെ കുറിച്ച് നിഗമനത്തിലെത്താൻ കേന്ദ്ര സമിതി ലളിതവും അപരിഷ്കൃതവുമായ മാർഗങ്ങളാണ് പ്രയോഗിച്ചതെന്നും കൂടുതൽ വിശദമായ മോഡലുകളിൽ നിന്നു പോലും കോവിഡ് വ്യാപനത്തെ കുറിച്ച് ദീർഘകാല പ്രവചനം നടത്താൻ കഴിയില്ലെന്നും ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

പൊതുവിൽ ലഭ്യമായ സ്ഥിതിവിവര കണക്ക് ഉപയോഗിച്ചാണ് കേന്ദ്ര സമിതി നിഗമനത്തിലെത്തിയത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ ഒൗദ്യോഗിക കണക്കുകൾ ഇവർക്ക് ലഭിച്ചിരുന്നില്ല.

കേന്ദ്ര സർക്കാറിന്‍റെ അവകാശവാദത്തെ ന്യായീകരിക്കുന്ന ഫലം ലഭിക്കാൻ വേണ്ടിയാണ് സമിതി ലളിതമായ മാർഗത്തിലൂടെ ഇത്തരം നിഗമനത്തിലെത്തിയതെന്ന് ചിലർ ആരോപിക്കുന്നുണ്ട്. ഇതൊരു രാഷ്ട്രീയക്കളി മാത്രമാണെന്നും ബഹുമാന്യരായ ശാസ്ത്രജ്ഞർ അവരുടെ പേര് ഇത്തരമൊരു പഠനത്തിൽ ഉൾപ്പെടുത്തിയത് തന്നെ അത്ഭുതപ്പെടുത്തുന്നതായും മറ്റൊരു പ്രഫസർ പറഞ്ഞു.

കേന്ദ്ര സർക്കാർ മാർച്ചിൽ പ്രഖ്യാപിച്ച ലോക്ഡൗൺ കൃത്യസമയത്ത് ആയിരുന്നുവെന്നും ഇത് രോഗവ്യാപനം കുറക്കാൻ വലിയ തോതിൽ സഹായിച്ചുവെന്നും കേന്ദ്ര സമിതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിലും വിമർശനം ഉയരുന്നുണ്ട്. കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോകാൻ വൈകിയത് രോഗം കൂടുതൽ മേഖലകളിലേക്ക് പടരാൻ ഇടയാക്കിയതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ മടക്കം കോവിഡ് വ്യാപനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന കണ്ടെത്തൽ ശാസ്ത്രീയ വിവരങ്ങളുടെയോ അവലംബങ്ങളുടെയോ അടിസ്ഥാനത്തിലല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സമിതി അവലംബിച്ച മെത്തേഡിന് ദേശീയതലത്തിൽ പത്ത് ശതമാനം തെറ്റുപറ്റാനുള്ള സാധ്യതയേ ഉള്ളൂവെന്ന് സമിതി അംഗമായ കാൺപുർ ഐ.ഐ.ടിയിലെ മാത്തമാറ്റിക്സ് പ്രഫസർ മനീന്ദ്ര അഗർവാൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഒരു സംസ്ഥാനത്തിലെയോ ജില്ലയിലെയോ കോവിഡ് സാഹചര്യം ഇങ്ങനെ പ്രവചിച്ചാൽ കൂടുതൽ തെറ്റുപറ്റാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

കേന്ദ്ര സർക്കാറിന്‍റെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയാണ് ഇത്തരമൊരു പഠനം എന്ന വാദത്തെ മനീന്ദ്ര അഗർവാൾ തള്ളി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid india
Next Story