സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ സിനിമക്ക് വലിയ പങ്ക്, യു.പി ചലച്ചിത്ര സൗഹൃദ സംസ്ഥാനം -യോഗി ആദിത്യനാഥ്
text_fieldsമുംബൈ: രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിലും സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും സിനിമക്ക് വലിയ പങ്കുണ്ടെന്നും ഉത്തർ പ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ ചലച്ചിത്ര പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം ലഖ്‌നൗവിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
സിനിമ മേഖലയില്‍നിന്ന് രണ്ടുപേരെ ഞങ്ങള്‍ എം.പിമാരാക്കി. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്നും എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങൾക്കറിയാം. സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിലും സിനിമ നിർണായക പങ്കുവഹിക്കുന്നു. ഉത്തർപ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയർന്നിട്ടുണ്ട്. ദേശീയ-അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സിനിമാ ഷൂട്ടിങ്ങിന് സുരക്ഷിതമായ അന്തരീക്ഷവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ ചിത്രീകരണത്തിന് ബോളിവുഡ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം, തന്‍റെ സർക്കാറിന്റെ ചലച്ചിത്ര നയമനുസരിച്ച് യു.പിയിൽ ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കിൽ 50 ശതമാനവും സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കാൻ 25 ശതമാനവും സബ്‌സിഡി നൽകുമെന്നും അറിയിച്ചു.
നടൻ സുനിൽ ഷെട്ടി, നിർമാതാവ് ബോണി കപൂർ, ഗോരഖ്പൂർ എം.പിയും നടനുമായ രവി കിഷൻ, ഭോജ്പുരി നടൻ ദിനേഷ് ലാൽ നിർഹുവ, പിന്നണി ഗായകരായ സോനു നിഗം, കൈലാഷ് ഖേർ, സംവിധായകരായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര്‍ ഭണ്ഡാർക്കർ, രാജ്കുമാർ സന്തോഷി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.