സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർ പാർലമെന്റിൽ കയറുന്നത് വിലക്കി സർക്കുലർ
text_fieldsന്യൂഡൽഹി: സസ്‌പെൻഡ് ചെയ്യപ്പെട്ട 141 പ്രതിപക്ഷ എം.പിമാർ പാർലമെന്റ് ചേമ്പറിലും ലോബിയിലും ഗാലറിയിലും പ്രവേശിക്കുന്നത് വിലക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ പുറപ്പെടുവിച്ചു.
“സസ്പെൻഷൻ കാലയളവിൽ താഴെപറയുന്ന കാര്യങ്ങൾ ബാധകമാണ്: അവർ ചേമ്പറുകളിലും ലോബിയിലും ഗാലറികളിലും പ്രവേശിക്കരുത്. പാർലമെന്ററി കമ്മിറ്റികളിൽ അംഗമാണെങ്കിൽ കമ്മിറ്റി സിറ്റിങ്ങുകളിലും സസ്പെൻഷൻ ബാധകമാണ്. അവർ സമർപ്പിച്ച നോട്ടീസുകൾ സസ്‌പെൻഷൻ കാലയളവിൽ സ്വീകാര്യമല്ല. സസ്‌പെൻഷൻ കാലയളവിൽ നടക്കുന്ന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല. സഭ സേവനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിനാൽ സസ്പെൻഷൻ കാലയളവിൽ പ്രതിദിന അലവൻസിന് അർഹതയില്ല” -സർക്കുലറിൽ കൂടുതൽ പറയുന്നു.
കഴിഞ്ഞ ദിവസം ബി.ജെ.പി എം.പിയുടെ പാസ് ഉപയോഗിച്ച് പാർലമെന്റിൽ അക്രമികൾ അതിക്രമിച്ചുകടന്ന സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ വിശദീകകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ ബഹളത്തിന്റെ പേരിലാണ് ലോക്‌സഭയിലെ 95ഉം രാജ്യസഭയിലെ 46 ഉം എംപിമാരെ സസ്‌പെൻഡ് ചെയ്തത്.
പാർലമെന്റ് സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്ത എം.പിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ ഡിസംബർ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഡെമോക്രസിക്ക് പകരം നമോക്രസി കൊണ്ടുവരാനാണ് സമ്പൂർണ ശുദ്ധീകരണമെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. അദാനി ഓഹരി ഉടമകളുടെ അടുത്ത വാർഷിക യോഗം ലോക്‌സഭ ചേംബറിൽ നടക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.പിയുമായ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
പ്രതിപക്ഷമില്ലാത്ത പാർലമെന്റ് എന്തിനാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സി.പി.ഐ രാജ്യസഭ എം.പി ബിനോയ് വിശ്വം ചോദിച്ചു. ഇന്ത്യക്ക് ജനാധിപത്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ലുകൾ ചർച്ച കൂടാതെ പാസാക്കാനാണ് പ്രതിപക്ഷമുക്ത ലോക്സഭയാക്കിയതെന്ന് ശശി തരൂർ പറഞ്ഞു. രാജ്യസഭയിലും സമാനമായത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പാർലമെന്റ് ഉത്തര കൊറിയൻ അസംബ്ലിയുടേതിന് സമാനമാക്കാനുള്ള നടപടിയാണെന്ന് കോൺഗ്രസ് എം.പി കാർത്തിക് ചിദംബരം കുറ്റപ്പെടുത്തി. പാർലമെന്റിൽ അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബി.ജെ.പി നേതാവ് എം.പിയായി തുടരുകയാണെന്നും പ്രതികരിച്ചവർ പുറത്തായെന്നും ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.