പൗരത്വ ബിൽ ലോക്സഭ കടന്നു
text_fieldsന്യൂഡൽഹി: പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരിൽ മുസ്ലിംകളല്ലാത്ത എല്ലാവർക്കും പൗരത്വം നൽകുന്നതിന് പൗരത്വനിയമം ഇളവു ചെയ്യുന്ന ഭേദഗതി ബിൽ കടുത്ത എതിർപ്പുകൾക്കിടയിൽ ലോക്സഭ കടന്നു. 311നെതിരെ 80 വോട്ടുകൾക്കാണ് തിങ്കളാഴ്ച രാത്രി 12 ഓടെ ബിൽ പാസായത്. ബില്ലിന് പി.കെ. കുഞ്ഞാലിക്കുട്ടി, ശശി തരൂർ, അസദുദ്ദീൻ ഉവൈസി, എ.എം.ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ, കെ. സുധാകരൻ, ഹൈബി ഈഡൻ അടക്കമുള്ളവർ കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി. ബിൽ വലിച്ചുകീറിയതടക്കം ചൂടേറിയ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്ക് സാക്ഷിയായ ലോക്സഭയിൽ 12 മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ വോട്ടിനിട്ട് പാസാക്കിയത്.
നിയമനിർമാണത്തിൽ പ്രതിഷേധിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പ്രക്ഷോഭത്തിലാണ്. ഇതിനിടയിൽ ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണപക്ഷം 82നെതിരെ 293 വോട്ടുകൾക്കാണ് ബില്ലിന് അവതരണാനുമതി നേടിയത്. ബിൽ അടുത്ത ദിവസം രാജ്യസഭയിൽ എത്തും. കഴിഞ്ഞ തവണത്തേതിൽനിന്ന് ഭിന്നമായി ബിൽ പാസാക്കാൻ രാജ്യസഭയിൽ അനുകൂല സാഹചര്യമാണ് ബി.ജെ.പിക്ക്. ബില്ലിനെ എതിർത്ത് വിവിധ പാർട്ടികൾ നൽകിയ നോട്ടീസ് സ്പീക്കർ തള്ളി. അതേസമയം, കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബി.എസ്.പി, സി.പി.എം, സി.പി.ഐ, എൻ.സി.പി തുടങ്ങി പ്രതിപക്ഷ പാർട്ടികളെല്ലാംതന്നെ ബില്ലിനെ തുറന്നെതിർത്തു. ജനങ്ങളെ വിഭജിക്കുന്ന നിയമനിർമാണമാണ് പൗരത്വ നിയമഭേദഗതിയെന്ന് അവർ ചൂണ്ടിക്കാട്ടി. നേർക്കുനേർ കാണാൻ കഴിയാത്തൊരു വിഭജനമാണ് നടക്കുന്നതെന്ന് ബി.ജെ.പി ബന്ധം സമീപനാളുകളിൽ വിടർത്തിയ ശിവസേന കുറ്റപ്പെടുത്തി.
പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന ആദ്യത്തെ നിയമനിർമാണമാണ് കേന്ദ്രം നടത്തുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. എന്നാൽ, മതാടിസ്ഥാനത്തിൽ പാകിസ്താൻ പിറക്കാൻ തക്കവിധം വിഭജനത്തെ പിന്തുണച്ച ചരിത്രമാണ് കോൺഗ്രസിേൻറതെന്ന് മന്ത്രി അമിത് ഷാ വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്നിടത്തോളം ന്യൂനപക്ഷങ്ങൾക്ക് പേടിക്കാനില്ലെന്ന് മറുപടി പ്രസംഗത്തിൽ ഷാ പറഞ്ഞു. ബില്ലിൽ ഭരണഘടന ലംഘനമില്ല. ഇന്ത്യയിലെ മുസ്ലിംകൾക്ക് ബില്ലിെൻറ പേരിൽ ഭയക്കാനൊന്നുമില്ല. പ്രതിപക്ഷമാണ് രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നത്. രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുമെന്നും ഷാ വ്യക്തമാക്കി.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭ സാഹചര്യങ്ങൾ തണുപ്പിക്കാനുള്ള ശ്രമത്തിൽ, മണിപ്പൂരിനെയും ബില്ലിെൻറ പരിധിയിൽനിന്ന് ഒഴിവാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
ശ്രീലങ്കയിൽനിന്നുള്ള തമിഴ് അഭയാർഥികളെക്കൂടി കടുത്ത അനിശ്ചിതത്വത്തിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്ന നിയമനിർമാണമാണ് ബി.ജെ.പി കൊണ്ടുവരുന്നതെന്ന് ചൂണ്ടിക്കാട്ടി ബിൽ അവതരണ ചർച്ചക്കിടയിൽ ഡി.എം.കെ ഇറങ്ങിപ്പോക്ക് നടത്തി.
മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നു –പ്രതിപക്ഷം
ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്ന മുസ്ലിംവിരുദ്ധ നിയമനിർമാണമാണ് പൗരത്വ നിയമഭേദഗതി ബില്ലെന്ന് ലോക്സഭയിൽ പ്രതിപക്ഷം. തുല്യത, നീതി എന്നിവ ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആമുഖംതന്നെ അവഗണിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മനീഷ് തിവാരി (കോൺഗ്രസ്)
ഭരണഘടനയുടെ 14, 15, 21, 25, 26 വകുപ്പുകളുടെ ലംഘനമാണ് ബിൽ. ഇന്ത്യയിലേക്ക് ഒരാൾ വന്നാൽ അയാൾ അഭയാർഥിയാണ്. മതത്തിെൻറ അടിസ്ഥാനത്തിലല്ല അത് നിർണയിക്കേണ്ടത്. ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണ് ബിൽ. മതേതരത്വമാണ് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം. അതിനു വിരുദ്ധമാണ് ബിൽ. അനധികൃത കുടിയേറ്റക്കാർ, അഭയാർഥികൾ എന്നിവരുടെ കാര്യത്തിൽ സർക്കാർ വിശദ നിയമനിർമാണം നടത്തട്ടെ. മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചതിന് ഉത്തരവാദി കോൺഗ്രസാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തുന്നു. 1935ൽ അഹ്മദാബാദിൽ ഹിന്ദു മഹാസഭ സമ്മേളനത്തിൽ സവർക്കറാണ് ദ്വിരാഷ്ട്ര വാദത്തിന് അടിത്തറയിട്ടത്.
സൗഗത റോയ് (തൃണമൂൽ കോൺഗ്രസ്)
ഒരു രാജ്യം ഒരൊറ്റ ജനത എന്ന വാദത്തോടെയാണ് 370ാം വകുപ്പു പ്രകാരമുള്ള പരിരക്ഷ എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ വിഭജിച്ചത്. പൗരത്വ നിയമഭേദഗതിയുടെ കാര്യം വന്നപ്പോൾ ഒരു രാജ്യത്ത് പലരീതികളാണ് സൃഷ്ടിക്കുന്നത്. അതനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നിയമ ഭേദഗതി ബാധകമല്ല. കടുത്ത ഭരണഘടന ലംഘനമാണ് ബിൽ.
ദയാനിധി മാരൻ (ഡി.എം.കെ)
വോട്ടുതന്നവരുടെ മാത്രമോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയോ ആഭ്യന്തര മന്ത്രിയല്ല അമിത് ഷാ. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. ക്രൈസ്തവരെ പൗരത്വം നൽകേണ്ടവരുടെ പട്ടികയിൽപെടുത്തിയത് പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള ഒറ്റപ്പെടൽ ഭയന്നായിരിക്കും. പാക് അധീന കശ്മീരിൽ നിന്നുള്ള മുസ്ലിംകൾ ഇന്ത്യയിലേക്ക് വന്നാൽ, അവർക്ക് പൗരത്വം നൽകുന്ന കാര്യത്തിൽ എന്താണ് സർക്കാർ നിലപാട്?
എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി)
ഇത്തരമൊരു നിയമനിർമാണത്തിന് പാർലമെൻറിന് അവകാശമില്ല. മതത്തിെൻറ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന രീതി കൊണ്ടുവരുന്നത് ഇതാദ്യമാണ്. പൗരന്മാരല്ലാത്തവർ അടക്കം എല്ലാവർക്കും മതപരമായ അവകാശങ്ങളുണ്ട്. മതാടിസ്ഥാനത്തിലുള്ള പൗരത്വം മതേതരത്വത്തിന് എതിരാണ്. ഈ നിയമനിർമാണം സുപ്രീംകോടതി റദ്ദാക്കാനാണ് സാധ്യത.
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്)
ഭരണപക്ഷത്തിെൻറ അസഹിഷ്ണുത പ്രകടമാക്കുന്ന, ഭരണഘടനക്ക് എതിരായ, സുപ്രീംകോടതിക്കു മുന്നിൽ നിലനിൽക്കാത്ത, വർഗീയ അജണ്ടയാണ് പൗരത്വ നിയമഭേദഗതി ബിൽ. രാജ്യത്തെ ഒന്നിപ്പിക്കാൻ പല തലമുറകൾ നടത്തിയ പരിശ്രമത്തിനും സഹനത്തിനും യാതനക്കും വിലകൽപിക്കാതെ മതത്തിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ന് മതത്തിെൻറ പേരിലാണെങ്കിൽ നാളെ അത് ഭാഷയുടെയും മേഖലയുടെയും പേരിലായി മാറിയേക്കും. രാജ്യത്തെ ഒന്നിപ്പിച്ച സർദാർ പട്ടേലിനെക്കുറിച്ച് അഭിമാനം പറയുന്നവർ ഭിന്നിപ്പിക്കുന്ന തന്ത്രമാണ് നടപ്പാക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.