പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ; മുസ് ലിംകൾ ഭയപ്പെടേണ്ടെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: വിവാദ പൗരത്വ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം വ്യാപകമാകുകയും ലോക്സഭയിൽ അനുകൂലിച്ച് വോട്ടു ചെയ്ത കക്ഷികളിൽ അഭിപ്രായഭിന്നത ഉടലെടുക്കുകയും ചെയ്തതിനിടെയാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം, ബില്ലിൽ നിരവധി ഭേദഗതികൾ പ്രതിപക്ഷ കക്ഷികൾ നിർദേശിച്ചിട്ടുണ്ട്.
ബിൽ നടപ്പാക്കാനുള്ള ധാർമിക ഉത്തരവാദിത്തം എൻ.ഡി.എ സർക്കാറിനുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പൗരത്വ ബിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ വാഗ്ദാനം അടക്കമുള്ളവ അംഗീകരിച്ചാണ് ബി.ജെ.പിയെ ജയിപ്പിച്ചത്. ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ഇന്ത്യയിലെ മുസ് ലിംകൾ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിലെ മുസ് ലിംകൾ ഇന്ത്യക്കാരായി തുടരും. മോദി പ്രധാനമന്ത്രിയായി ഇരിക്കുന്നിടത്തോളം മുസ് ലിംകൾക്ക് വിവേചനം ഉണ്ടാകില്ല. അഭയാർഥികളായ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പാസാക്കാൻ വേണ്ടത് 120 വോട്ട് ആണ്. ആകെ 238 അംഗങ്ങളുള്ള രാജ്യസഭയിൽ എല്ലാവരും ഹാജരായാൽ 120 വോട്ടുകളാണ് ബിൽ പാസാക്കാൻ സർക്കാറിന് ആവശ്യം. നിലവിൽ 105 എം.പിമാർ എൻ.ഡി.എക്ക് സ്വന്തമായുണ്ട്. അതിൽ 84 എം.പിമാർ ബി.ജെ.പിയുടേതാണ്. നാല് നോമിനേറ്റഡ് അംഗങ്ങളിൽ കെ.ടി.എസ് തുളസി ഒഴികെയുള്ള മൂന്നു പേരും ആറ് സ്വതന്ത്രരിൽ നാലും ബി.ജെ.പിക്കൊപ്പം നിൽക്കും. എൻ.ഡി.എക്ക് പുറത്തുള്ള ബിജു ജനതാദൾ അടക്കമുള്ളവരും മറ്റു ചെറുകക്ഷികളെല്ലാം കൂടി ചേർന്നാൽ പൗരത്വ ബിൽ അനായാസം രാജ്യസഭ കടക്കും.
തിങ്കളാഴ്ച വിവാദ പൗരത്വ ഭേദഗതി ബിൽ 80നെതിരെ 311 വോട്ടിനാണ് ലോക്സഭ പാസാക്കിയത്. എന്നാൽ, എതിർത്തു വോട്ടുചെയ്തതിലേറെ അംഗങ്ങൾ ലോക്സഭയിൽ ഹാജരായിരുന്നില്ല. എൻ.ഡിഎക്ക് പുറത്തായ ശിവസേന ലോക്സഭയിൽ അനുകൂലിച്ച് വോട്ടു ചെയ്തെങ്കിലും രാജ്യസഭയിൽ എതിർക്കുമെന്ന് ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ലോക്സഭയിൽ ജനതാദൾ യു ബില്ലിനെ പിന്തുണച്ചതിനെതിരെ പാർട്ടി നേതാക്കളായ പ്രശാന്ത് കിഷോറും പവൻ വർമയും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
രാജ്യസഭയിൽ സർക്കാർ പ്രതീക്ഷിക്കുന്ന പിന്തുണ
- ബി.ജെ.പി - 84
- എ.െഎ.ഡി.എം.കെ - 11
- ബിജു ജനതാദൾ - 7
- ജനതാദൾ(യു) - 6
- ശിരോമണി അകാലിദൾ- 3
- ടി.ഡി.പി-2
- വൈ.എസ്.ആർ കോൺഗ്രസ്-2
- അസം ഗണ പരിഷത്ത്- 1
- ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ട് - 1
- സിക്കിം െഡമോക്രാറ്റിക് ഫ്രണ്ട്-1
- എൻ.പി.എഫ്- 1
- ആർ.പി.െഎ 1
- നോമിനേറ്റഡ് - 3
- സ്വതന്ത്രർ - 4
എതിർക്കുമെന്ന് കരുതുന്നവർ
- കോൺഗ്രസ്- 46
- തൃണമൂൽ കോൺഗ്രസ് -13
- സമാജ്വാദി പാർട്ടി - 9
- ടി.ആർ.എസ്-6
- ഡി.എം.കെ- 5
- എൻ.സി.പി - 4
- ആർ.ജെ.ഡി-4
- ആം ആദ്മി പാർട്ടി - 3
- പി.ഡി.പി - 2
- സി.പി.എം - 5
- സി.പി.െഎ - 1
- മുസ്ലിം ലീഗ്-1
- കേരള കോൺഗ്രസ്- 1
- ജനതാദൾ (എസ്)-1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.