വീണ്ടും പൗരത്വ കുറുക്കുവഴി
text_fieldsന്യൂഡൽഹി: പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തി ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പൗരത്വ നിയമപ്രകാരമാണ് മൂന്ന് അയൽപക്ക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകുന്നത്. മുസ്ലിംകൾ അർഹരല്ല.
2014 ഡിസംബർ 31നു മുമ്പ് മൂന്ന് അയൽപക്ക രാജ്യങ്ങളിൽനിന്നായി ഇന്ത്യയിൽ ചേക്കേറിയ മുസ്ലിമേതര മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം അനുവദിക്കുന്നതിന് 2019ൽ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിയമഭേദഗതിയുടെ സാധുത സുപ്രീംകോടതിയിൽ ചോദ്യംചെയ്തിരിക്കെ, നിയമം നടപ്പാക്കുന്നതിനുവേണ്ട ചട്ടങ്ങൾക്കു രൂപം നൽകിയിട്ടുമില്ല. ദിവസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന ഗുജറാത്തിലെ രണ്ടു ജില്ലകളിൽ അയൽപക്ക രാജ്യങ്ങളിൽനിന്നു വന്നു താമസിക്കുന്നവർക്ക് മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഇതിനിടെയാണ്.
അയൽരാജ്യങ്ങളിൽ നിന്നെത്തിയ മുസ്ലിമേതര വിഭാഗക്കാർക്ക് പൗരത്വം നൽകാൻ കേന്ദ്രം കുറുക്കുവഴി സ്വീകരിക്കുന്നത് ഇതാദ്യമല്ല. 2016, 2018, 2021 വർഷങ്ങളിലായി ഗുജറാത്ത്, ഛത്തിസ്ഗഢ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ജില്ല കലക്ടർമാർക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഈ അധികാരം നൽകിയിരുന്നു. ഇതും സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നെത്തി ആനന്ദ്, മെഹ്സാന ജില്ലകളിൽ കഴിയുന്ന ആറു മതവിഭാഗത്തിൽ പെട്ടവർക്ക് 2009ലെ പൗരത്വ ചട്ടപ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് ജില്ല കലക്ടർമാർക്ക് അനുവദിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ വിശദീകരിച്ചു. ഓൺലൈൻ മുഖേനയുള്ള അപേക്ഷ കലക്ടർമാർക്കു പുറമെ, കേന്ദ്രസർക്കാറിനും പരിശോധിക്കാൻ കഴിയും.
മോദി സർക്കാർ 2019ൽ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടം രൂപപ്പെടുത്തേണ്ടത് ലോക്സഭ-രാജ്യസഭ സബോഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയാണ്. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കേ, ഈ സമിതിക്ക് ചട്ടം രൂപപ്പെടുത്താനുള്ള കാലാവധി കോവിഡ് സാഹചര്യങ്ങളുടെ പേരിൽ ഏഴു വട്ടം നീട്ടിക്കൊടുത്തു. രാജ്യസഭ സമിതിയുടെ നീട്ടിക്കൊടുത്ത കാലാവധി ഡിസംബർ 31നും ലോക്സഭ സമിതിയുടേത് ജനുവരി ഒമ്പതിനും അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.