മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് പൗരത്വം നൽകാൻ 16 കലക്ടർമാർക്ക് കേന്ദ്രാനുമതി
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം നൽകാൻ ഏഴു സംസ്ഥാനങ്ങളിലെ 16 കലക്ടർമാർക്ക് കേന്ദ്രം അധികാരം നൽകി. ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാർസി, ജൈന, ബുദ്ധ മതവിഭാഗത്തിൽപെട്ടവർക്കാണ് 1955ലെ പൗരത്വനിയമത്തിെൻറ ഭേദഗതി പ്രകാരം പൗരത്വം നൽകാൻ കലക്ടർമാർക്ക് അധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
റായ്പുർ (ഛത്തിസ്ഗഢ്), അഹ്മദാബാദ്, കച്ച്, ഗാന്ധിനഗർ (ഗുജറാത്ത്), ഭോപാൽ, ഇന്ദോർ (മധ്യപ്രദേശ്), നാഗ്പുർ, മുംബൈ, പുണെ, താണെ (മഹാരാഷ്ട്ര), ജോധ്പുർ, ജയ്സാൽമീർ, ജയ്പുർ (രാജസ്ഥാൻ), ലഖ്നോ (ഉത്തർപ്രദേശ്), ഡൽഹിയിലെ വെസ്റ്റ്, സൗത്ത് ജില്ലകൾ എന്നിവിടങ്ങളിലെ കലക്ടർമാർക്കാണ് കേന്ദ്രം അധികാരം നൽകിയിരിക്കുന്നത്. ഡിസംബർ 22 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ആവശ്യമായ രേഖകളുമായി ആറു വർഷമായി രാജ്യത്ത് താമസിക്കുന്നവർക്കോ രേഖകളില്ലാതെ 12 വർഷം കഴിഞ്ഞവർക്കോ ആണ് ഇന്ത്യൻ പൗരത്വം അനുവദിക്കുക.
സർക്കാറിെൻറ നടപടി തെരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു. െതരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം ബാധകമാവുന്ന ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് ലംഘനമാണ് നടത്തിയിരിക്കുന്നത്. ഒരു ഭാഗത്ത് ഇന്ത്യൻ പൗരത്വപ്പട്ടിക പറഞ്ഞ് അസമിലടക്കം ബി.ജെ.പി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതേസമയം, മറ്റു സ്ഥലങ്ങളിൽ പൗരത്വത്തിന് അനുമതി നൽകുവെന്നും കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിൽ പറഞ്ഞു. ഛത്തിസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് നവംബർ, ഡിസംബർ മാസങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.