മുസ്ലിം ഇതര വിദേശികളുടെ പൗരത്വം; ഒമ്പത് സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്രം
text_fieldsന്യൂഡൽഹി: മൂന്ന് അയൽരാജ്യങ്ങളിൽനിന്നുമെത്തുന്ന മുസ്ലിംകളല്ലാത്ത വിദേശികൾക്ക് പൗരത്വം നൽകാൻ ഒമ്പത് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും 31 ജില്ലാ മജിസ്ട്രേറ്റുമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികാരം നൽകി. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതസ്ഥർക്ക് 1955ലെ പൗരത്വ നിയമപ്രകാരം പൗരത്വം നൽകാനുള്ള അധികാരമാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് പീഡനമനുഭവിച്ച് അഭയാർഥികളായി ഇന്ത്യയിൽ എത്തുന്ന മുസ്ലിംകളല്ലാത്തവർക്ക് എന്ന പേരിൽ 2019ൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കുകയോ അതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്യാതെയാണ് നിലവിലുള്ള നിയമമുപയോഗിച്ച് മുസ്ലിംകളല്ലാത്ത വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നടപടിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും ജില്ലാ മജിസ്ത്രേട്ടുമാർക്കാണ് പൗരത്വം നൽകാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയം നൽകിയത്.
നേരത്തെ 29 ജില്ലാ മജിസ്ട്രേറ്റുമാർക്ക് നൽകിയ അധികാരം കഴിഞ്ഞ മാസം ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലാ മജിസ്ട്രേറ്റുമാർക്കുകൂടി നൽകി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 1955ലെ നിയമത്തിൻ കീഴിലുള്ള രജിസ്ട്രേഷൻ, നാച്യുറലൈസേഷൻ വ്യവസ്ഥകൾ പ്രകാരമാണ് ഇവർക്ക് പൗരത്വം നൽകുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താഴെതട്ടിൽ തീരുമാനമെടുക്കാൻ അധികാരം നൽകിയതോടെ മൂന്ന് അയൽ രാജ്യങ്ങളിൽനിന്ന് വരുന്ന മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പ്രക്രിയക്ക് വേഗം കൂടുമെന്നും മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലുണ്ട്. 2021 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31വരെ 1414 വിദേശികൾക്ക് ഇത്തരത്തിൽ പൗരത്വം നൽകി.
മതപരമായ വിവേചനത്തോടെ ഉണ്ടാക്കിയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ നാലു വർഷത്തോളമായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അടുത്ത ഡിസംബർ 31ന് കാലാവധി തീരുന്ന രാജ്യസഭാ സമിതിക്കും ജനുവരി 31ന് കാലാവധി അവസാനിക്കുന്ന ലോക്സഭാ സമിതിക്കും ഏഴാമത്തെ തവണയാണ് വിവാദ പൗരത്വ നിയമത്തിന് ചട്ടങ്ങളുണ്ടാക്കാനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.